•ഞാൻ കണ്ട ആത്മാവ്

ഇത് ശരിക്കും  ഒരു സംഭവ കഥയാണ്.രണ്ടു വർഷം  മുൻപുള്ള സംഭവമാണിത്. ഭയം കൊണ്ടാണ് പറയാൻ ഇത്രയും താമസിച്ചത്. നിങ്ങൾ ഇത് വിശ്വസിക്കാൻ തരമില്ല. എങ്കിലും എന്റെ ഒരു മനസമാധാനത്തിനു ഞാൻ ഇവിടെ എഴുതുന്നു ….!!
ഈ സംഭവം നടക്കുന്നതിനു ഏകദേശം ഒരു ആഴ്ച  മുൻപേ വീടിനു അര കിലോമീറ്റർ ദൂരം മാത്രമുള്ള റെയിൽവേ ട്രാക്കിൽ ഒരു അമ്മയും കുഞ്ഞും ആത്മഹത്യ  ചെയ്തിരുന്നു.ആ സംഭവത്തിന്‌ ശേഷം ആ വഴി പോകാൻ ആര്ക്കും വലിയ ധൈര്യം  ഇല്ലായിരുന്നു.പ്രേതത്തിലും ജിന്നിലും ഒന്നും എനിക്ക് വിശ്വാസം ഇല്ലായിരുന്നെങ്കിലും അതുവഴി പോകുമ്പോൾ എന്തോ ഒരു മനം പുരട്ടൽ അനുഭവപ്പെടുമായിരുന്നു.കഴിവതും ആ വഴി ഒഴിവാക്കി എനിക്ക് ഒരു രാത്രി ആ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യേണ്ടി വന്നു.രാത്രി ഒരു പത്തു പത്തര സമയം. ഒരു ആവശ്യത്തിനു തിരുവനന്തപുരത്ത് പോയിട്ട് തിരികെ വന്നത് ആ വഴിയെ ആയിരുന്നു.മറ്റുള്ളവഴികൾ ദൂര കൂടുതൽ ആയത് കൊണ്ട് വേഗം വീട്ടിലെത്താൻ ഈ വഴിയെ ഒന്നും ആലോചിക്കാതെ നടന്നു.പകുതി ആയപ്പോൾ കരണ്ടും പോയി .ആ നിമിഷമാണ്  ‘ആത്മഹത്യ’ സംഭവം എൻറെ മനസ്സിലേക്ക് ഇരച്ചു കയറിയത്.കരണ്ടുകെട്ടും ചാറ്റൽ മഴയും പിന്നെ നിശാ ജീവികളുടെ കരച്ചിലും കേട്ടപ്പോൾ ഞാനും വിയർത്തു പോയി (എന്റെ സ്ഥാനത്ത് ആരായാലും ഭയന്ന് പോകും).
എങ്കിലും സധൈര്യം ഞാൻ മുൻപോട്ടു പതുക്കെ നീങ്ങി (പുറകോട്ട് എവിടെ പോകാൻ..!!). റെയിൽവേ ട്രാക്ക് അടുത്തെത്തിയപ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത് – ഒരു വെളുത്ത രൂപം റെയിൽവേ ട്രാക്കിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നു,ആ രൂപം വല്ലാതെ പ്രകാശം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ‘ഒന്നുറക്കെ കരയാൻ പറ്റിയിരുന്നെങ്കിൽ’ എന്നുപോലും ഞാൻ ആഗ്രഹിച്ച നിമിഷം ,എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല .നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ പോലും പറ്റുന്നില്ല. പ്രാർത്ഥിക്കാൻ പറ്റിയ ഒരു ദൈവത്തെപ്പോലും ഒർമ്മവന്നുമില്ല.എന്ത് ചെയ്യണം എന്നറിയാത്ത നാല് മിനുട്ട് – അപ്പോഴു ആ രൂപം പൊങ്ങിയും താണും ഇരുന്നു!! രണ്ടും കൽപ്പിച്ച് ട്രാക്കിൽ കിടന്ന ഒരു മിറ്റിൽ കഷ്ണം എടുത്തു ഒറ്റ ഏറു കൊടുത്തു ;ഏറു കൊണ്ടതും “അയ്യോ” എന്ന് ആ രൂപം കരഞ്ഞതും ഒരുമിച്ചായിരുന്നു. പിന്നെ ഞാൻ അവിടെ നിന്നില്ല. ഉസൈൻ ബോൾട്ടിനെ വെല്ലുന്ന വേഗതയിൽ ഞാൻ വീട്ടിലെത്തി.ആദ്യം ഒന്നും  ഉറക്കം വന്നില്ല,എങ്കിലും പിന്നീട് എപ്പോഴോ ഉറങ്ങി….
പിന്നീട് ആണ് ഞാൻ ആ നഗ്ന സത്യം അറിയുന്നത്.തുണി ഉടുപ്പിക്കാതെ തന്നെ ആ സത്യം ഞാൻ നിങ്ങളോട് പറയട്ടെ – ഞാൻ അന്ന് എറിഞ്ഞത് അവിടെ പുതിയതായി ചാർജ് എടുത്ത ഇടവക വികാരിയെ ആയിരുന്നു.പള്ളിയിലേക്ക് പോകും വഴി ട്രാക്കിൽ വീണ താക്കോൽ പെൻ ടോർച്ച് അടിച്ചു നോക്കുകയായിരുന്നു പാവം അച്ഛൻ (അച്ഛൻ എന്നോട് ക്ഷമിക്കണം )…!!
പക്ഷെ എന്നെ ഇപ്പോഴും ചിരിപ്പിക്കുന്ന സംഭവം അതല്ല.അവിടെ ഇപ്പോഴും പ്രേതബാധ ഉണ്ടെന്നും ആ കല്ല്‌ എറിഞ്ഞത് ആത്മഹത്യ ചെയ്ത ആ സ്ത്രീ ആണെന്നുമാണ് ഇപ്പോഴും അവിടെ  പ്രചരിക്കുന്നത്. വികാരിയുടെയും  കുഞ്ഞാടുകളുടെയും പ്രതികരണം ഭയന്നും,എനിക്ക് പ്രേതബാധ കൂടി എന്നുവരെ പറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇത് ഇപ്പോഴും അവിടെ രഹസ്യമാണ്..
“പ്രേതത്തെ കല്ലെറിഞ്ഞപ്പോൾ എൻറെ യുക്തി കൂടുതൽ ബലപ്പെട്ടു..എന്നാൽ കല്ല്‌ കൊണ്ടവർക്കോ….??”

site de rencontre sur iphone gratuit

binary optionen live stream

opcje binarne wikipedia