•മുളയിലേ കരിയുന്ന പരിണാമ ചിന്തകൾ :

എച്ച്.ജി. വെൽസിൻറെ ‘ടൈം മെഷീന്‍’ കടം വാങ്ങി ഭൂതകാല ശാസ്ത്ര മുന്നേറ്റങ്ങളിലേക്ക് ഒരു യാത്ര നടത്തിനോക്കിയാലോ? അവിശ്വസിനീയമായ പല കണ്ടുപിടുത്തങ്ങൾ ക്രിസ്തുവർഷത്തിന് മുമ്പും പിമ്പും സംഭവിച്ചിട്ടുണ്ട്. ആയിരക്കണക്കിന്  വർഷങ്ങൾ മുമ്പത്തെ ആർക്കിമിഡീസ് സിദ്ധാന്തവും വെടിമരുന്നും പ്രിൻറിങ്ങ് പ്രസ്സും വിമാനവും എന്തിനേറെ പറയുന്നു അധികമാർക്കും ദഹിക്കാത്ത കാൽക്കുലസും ലോഗരിതവുമെല്ലാം നമ്മുടെ ബുദ്ധിമാന്മാരായ പൂർവ്വികരുടെ കണ്ടുപിടിത്തമാണ്. എന്നാല്‍, ഒരു ചോദ്യം: ജീവി വർഗ്ഗങ്ങളുടെ പരിണാമം വിശദീകരിക്കാൻ എന്തുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഡാർവിൻറെ രംഗപ്രവേശം  വരെ കാത്തിരിക്കേണ്ടി വന്നു? ഉത്തരം ലളിതമാണ് ‘മറ്റുളള കണ്ടെത്തലുകൾ മതങ്ങൾക്ക് എതിരല്ലായിരുന്നു’.(ഭൂമി ഉരുണ്ടതാണെന്നും ഭൂമിയല്ല സൂര്യനാണ് കേന്ദ്രം എന്നും കണ്ടെത്തിയവരുടെ ദുർവിധി ഇവിടെ സ്മരണീയമാണ് )

Evolution - Why still apes

തൽക്കാലം നമ്മുടെ ‘ടൈം മെഷീന്‍’ ഒരു ടിപ്പിക്കൽ മിഷറണി മാനേജ്മെൻറ് സ്കൂളിലേക്ക് യൂടേൺ അടിക്കാം ;
അസ്സെംബ്ലിയിൽ നല്ല ഒന്നാന്തരം  പ്രാർത്ഥന നടക്കുകയാണ്. ബെൽ അടിച്ചതോടെ കുട്ടികൾ വരിവരിയായി ക്ലാസ്സ്  മുറികളിലേക്ക് മാർച്ച് ചെയ്ത നീങ്ങി. രംഗം പത്താം ക്ലാസ്സ്  ബയോളജി പിരീഡ് .ചൂരലും ചുഴറ്റി  ടീച്ചര്‍ പാഞ്ഞെത്തുന്നു .നന്മ നിറഞ്ഞ മറിയം ചൊല്ലി പുസ്തകം തുറന്നതും ടീച്ചറിൻറെ നെറ്റി ചുളിഞ്ഞു. പഠിപ്പിക്കേണ്ടത് ദൈവനിഷേധിയായ ഡാർവിൻറെ പരിണാമ സിദ്ധാന്തമാണല്ലോ (!) വിദ്യാഭ്യാസ  വകുപ്പിനെ ശപിച്ച് ടീച്ചര്‍ മനസ്സില്ലാ മനസ്സോടെ  പാഠം തുടങ്ങാൻ ആരംഭിച്ചു.  ആമുഖമായി പറഞ്ഞു : “മനുഷ്യന്‍  കുരങ്ങിൽ നിന്ന്  പരിണമിച്ചാണ് ഉണ്ടായതെന്ന് പറയുന്ന ഡാർവിൻറെ പരിണാമ സിദ്ധാന്തത്തെ പറ്റിയാണ് ഇന്ന് പഠിപ്പിക്കാൻ പോകുന്നത്. ഇങ്ങനെ പല ‘തിയറികളു’മുണ്ട് . ഇത് ശരിയാണോ എന്നൊന്നും തെളിഞ്ഞിട്ടില്ല . എങ്കിലും  പരീക്ഷയ്ക്ക് വേണ്ടതിനാൽ നമുക്ക്  പഠിച്ചേ മതിയാകു .ഹാ.. ആദ്യം  നാച്വറല്‍ സെലക്ഷന്‍……”

ആമുഖത്തോടെ സംഗതിയേറ്റു – ടീച്ചര്‍  ‘അങ്കവും കണ്ടു, താളിയുമൊടിച്ചു’. അതേസമയം  വിദ്യാർത്ഥികളുടെ മനസ്സില്‍ -“കുരങ്ങ് -മനുഷ്യന്‍ -നാച്ച്വറൽ സെലക്ഷന്‍ ; അയ്യേ പൊട്ട തിയറി. കുരങ്ങ്  പരിണമിച്ചാണ് മനുഷ്യന്‍  ഉണ്ടായതെങ്ങിൽ ഇപ്പോഴും  കുരങ്ങുണ്ടല്ലോ ? അവയെന്തേ പരിണമിക്കാത്തെ? മനുഷ്യന്‍  ഉണ്ടായതോടെ പരിണാമം നിന്നോ? പൊട്ട ശാസ്ത്രം!! ”

മേൽ വിവരിച്ച രംഗം മിഷണറി സ്കൂളുകളുടെ കുത്തകയാണെന്നൊന്നും തെറ്റിദ്ധരിക്കരുത് . ചില ‘ഏക ദൈവ – ബഹു ദൈവ’ സ്കൂളുകളിൽ  ഇതിലും മോശമായിട്ടാണ് പഠനം. പരിണാമ സിദ്ധാന്തത്തിൻറെ അടിസ്ഥാനം പഠിപ്പിക്കുന്നവർക്ക് അതിനെ പറ്റി അടിസ്ഥാനമില്ലെന്നതാണ് വാസ്തവം. മതമേലാളന്മാർ കയ്യാളുന്ന വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ‘ഇത്രെയൊക്കെ പഠിച്ചാൽ മതി’ എന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നത് . യുക്തിരഹിത വിദ്യാഭ്യാസ രീതി ഒരുകൂട്ടം വിഡ്ഢികളെ സൃഷ്ടിക്കുന്നു എന്ന പരമാർത്ഥം  പറയാതെ വയ്യ.

ഇങ്ങനെ ‘മുളയിലേ കരിഞ്ഞ’ ചിന്താധാരകളുമായി ഉയർന്ന വിദ്യാഭ്യാസ തലങ്ങളിൽ പോകുന്ന വിദ്യാർത്ഥികൾ ഇന്നും ‘മനുഷ്യന്‍  കുരങ്ങന്‍  പരിണമിച്ചുണ്ടായി ‘ എന്ന വെറും ‘തിയറിയെ’ പരിഹസിക്കുന്നതിൽ എന്ത് അത്ഭുതമാണുളളത് . വളർന്നു വരുന്ന തലമുറയ്ക്ക് നല്ല നിലവാരത്തിലുളള വിദ്യാഭ്യാസം  ലഭിക്കാൻ ഈ വ്യവസ്ഥിതി പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണ്.

വാൽകഷ്ണം  : ദൈവത്തെ വിശ്വസിച്ചില്ലെങ്കിൽ നരകത്തിലെ വിറകുകൊളളി ആകുമെന്ന് ഇനിയും വിശ്വസിക്കുന്നവർ പരിണാമം പഠിച്ച് സമയം പാഴാക്കണമെന്നില്ല . നിങ്ങള്‍  വിശ്വസിച്ചാലും ഇല്ലെങ്കിലും –  പരിണാമം അത് സംഭവിച്ചുകൊണ്ടിരിക്കുന്നു  🙂

അധിക വായനയ്ക്ക് :

* http://listverse.com/2008/02/19/top-15-misconceptions-about-evolution/