• പ്രാർത്ഥന : ഒരു നീരീശ്വരവാദിയുടെ അപഗ്രഥനം

• ബലാല്‍സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥയെ ‘ഈശ്വര നിശ്ചയം’ എന്ന് പരാമർമശിച്ച പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും വൻ വിവാദത്തിന് തിരികൊളുത്തുകയുണ്ടായല്ലോ. ജാതിമതഭേതമമന്യേ എല്ലാവരും അദ്ദേഹത്തിനു നേരെ തെറിയഭിഷേകം നടത്തി ആഘോഷമാക്കി ; അങ്ങനെയിരിക്കെ, ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന് നേരെ ഒരു ചോദ്യം ചോദിക്കാതെ വയ്യ : “അയാളെ ശകാരിക്കാനും അസഭ്യം പറയാനും നിങ്ങൾക്ക് എന്ത് ധാർമികതയാണുളളത്? നിങ്ങളുടെ വിശ്വാസ പ്രകാരം അയാൾ പറഞ്ഞതല്ലേ നൂറ് ശതമാനം ശരി?”

• ഒരു ശരാശരി വിശ്വാസിയുടെ ദൈവം സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമാണല്ലോ.. എങ്കിൽ സർവ്വശക്തനായ ദൈവം എന്തുകോണ്ട് ഇത് തടഞ്ഞില്ല? സർവ്വജ്ഞാനിയായ ടിയാന് ഈ സംഭവം നേരത്തെ അറിയുമായിരുന്നല്ലോ? സർവ്വവ്യാപിയായ ഈ ചെങ്ങായി ആ റേപിസ്റ്റിൻറെ മനസ്സിലും ശരീരത്തിലും ഉണ്ടായിരിക്കണമല്ലോ..??  ഇത് ദൈവ നിശ്ചയം തന്നെയല്ലേ?( സർവ്വശക്തിയും ജ്ഞാനി വ്യാപിയുമൊന്നും ഒരുമിച്ച് അസാദ്ധ്യമാണ് ,അത് പിന്നീട്‌ ആവശ്യമെങ്കിൽ ചർച്ചയാവാം)
സൗകര്യപൂർവ്വം സംഭവങ്ങളെ ദൈവവിധിയായി കണക്കാക്കുന്ന ശരാശരി വിശ്വാസിയുടെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത് 🙂
സംഭവാമി യുഗേഃ യുഗേഃ (എന്താല്ലേ)!

• ഒരാൾ തൻറെ സങ്കൽപ സുഹൃത്തിനോട് കണ്ണുമടച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ടാൽ അതിനെ വിഭ്രാന്തിയെന്ന് വിളിക്കാം, എന്നാൽ ഒരുകൂട്ടം ആളുകൾ അങ്ങിനെ ചെയ്താലോ? അതാണ് പ്രാർത്ഥന !
സർവ്വശക്തനായ ചെങ്ങായിയുടെ ഹിതം അനുസരിച്ച് എല്ലാം മുന്നോട്ട് പോകുന്നു എന്ന് പറയുന്ന വിശ്വാസി ഇതാ പ്രാർത്ഥനയിലൂടെ പറയുന്നു ,ആ ഹിതത്തിൽ ഭേതഗതിവരുത്താൻ! അതിനായി വിശ്വാസി ആ സർവ്വജ്ഞാനിക്ക് കൈക്കൂലിയും നേർച്ചയും കൊടുക്കുന്നു. ഇത് മറ്റൊരു ഇരട്ടത്താപ്പല്ലേ? ദൈവ ഹിതത്തിന് എതിരായ ‘പ്രാർത്ഥന’ ശരിക്കും ദൈവ നിഷേദമല്ലേ? (വീണ്ടും ഗദ്ഗദം : എന്താല്ലേ!)

• ചിലർ ഇറക്കുന്ന അടുത്ത നമ്പരാണ് ‘ഫ്രീ വിൽ’ തിയറിയും ‘താൻ പാതി ദൈവം പാതി’ ന്യായവൈകല്ല്യവും. അവിടെയും കുടുങ്ങിയല്ലോ. മനുഷ്യന്‍റെ ‘ഫ്രീ വിൽ’ ഉപയോഗിച്ച് തുമ്മിയാൽ പോലും ആ ചെങ്ങായീൻറെ ‘സർവ്വജ്ഞാനി’ പട്ടം തിരിച്ച് വാങ്ങേണ്ടി വരുമല്ലോ? അഥവാ ടിയാന് അതിനെ പറ്റി നേരത്തെ ജ്ഞാനം ഉണ്ടായിരുന്നുവെങ്കിൽ എന്തോന്ന് ‘ഫ്രീ വിൽ’ 😉

• അവസാനത്തെ അടവാണ് ‘പ്രാർത്ഥന  മനസ്സിനൊരു ആശ്വാസമാണ്’. അതെ കുടിയൻമാരും  കഞ്ചാവ് വലിയൻമാരും ഇത് തന്നെ പറയുന്നത് 😀 ഇനി ചെലപ്പോൾ പറയുമായിരിക്കാം, പ്രാർത്ഥന കൊണ്ട് മദ്യവും മയക്കുമരുന്നും പോലെ ദോഷമില്ലല്ലോ എന്ന്. അത് പറയുന്നതിന് മുമ്പ് നിങ്ങളുടെ ‘പ്രാർത്ഥന’ കൊന്ന കുഞ്ഞുങ്ങളുടെ മുഖവും നഷ്ടപ്പെടുത്തിയ പണവും ഉണ്ടാക്കുന്ന ഗതാഗത തടസ്സവുമൊക്കെ  ഓർത്താൽ നന്ന്…[ വലിയ ‘ഫെയ്ത്ത് ഹീലർ’ ബെന്നി ഹിൻ അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായ സംഭവം ഓർത്ത് ചിരി വരുന്നു] 🙂

image

പ്രാർത്ഥനയുടെ യുക്തി :

പ്രാർത്ഥന എന്നത് ദൈവവിശ്വാസത്തോട് അനുബന്ധിച്ചതാണെല്ലോ, ആയതിനാല്‍  ദൈവചിന്തയെ എങ്ങനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായിട്ട് കണക്കാക്കാനാകും.

• തങ്ങളുടെ പ്രാർത്ഥന എങ്ങനെയും യുക്തിഭദ്രമാക്കാൻ വിശ്വാസിയുടെ മസ്തിഷ്കം ശ്രമിക്കുന്നു.നടക്കാൻ അൽപമെങ്കിലും സാധ്യത കൽപ്പിക്കുന്ന സംഭവം മാത്രമാണ് പ്രാർത്ഥിക്കുന്നത് (selective approach) ഉദാ : പരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കേണമേ, നല്ല ജോലി കിട്ടേണമേ  തുടങ്ങിയവ. അഥവാ കഷ്ടിച്ച് ജയിക്കുകയോ ചെറിയ ജോലി കിട്ടുകയോ ചെയ്താൽ “ഇതെങ്കിലും ദൈവം സാധിച്ചു തന്നല്ലോ” എന്ന് ചിന്തിച്ച് വിശ്വാസത്തെ ന്യായീകരിക്കുന്നു. ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ പ്രാർത്ഥിക്കാൻ തല്ക്ക് ഓളമുളള ഒരു വിശ്വാസിയും തയ്യാറാകുന്നില്ല. ഉദാ : കെട്ടിടത്തിൻറെ മുകളിൽ നിന്ന് കല്ല് താഴെ ഇട്ടാൽ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അത് താഴെ തന്നെ വീഴുന്നു. കൈ മുറിഞ്ഞു പോയ വ്യക്തിയുടെ കൈ തിരികെ ലഭിക്കാൻ ഇത് വരെ ഏതെങ്കിലും വിശ്വാസി പ്രാർത്ഥിച്ച് കാണുമോ?
ചുരുക്കിപ്പറഞ്ഞാൽ ഫിസിക്സിൻറെ നിയമം തെറ്റിച്ചുളള ഒരു പ്രാർത്ഥനയും ഇത് വരെ സംഭവിച്ചിട്ടില്ല…

• ‘ഹെഡ്സ്’ കിട്ടാന്‍ ഒരാൾ പ്രാർത്ഥിച്ചുകൊണ്ട് ഒരു നാണയം ടോസ് ചെയ്യുന്നു എന്നിരിക്കട്ടെ, പത്താമത്തെ തവണ ഹെഡ്സ് കിട്ടുന്നുവെങ്കിൽ അയാൾ അത് പ്രാർത്ഥനയുടെ ഫലമായി കാണുന്നു. ‘ടെയിൽസ് ‘ വീണ മറ്റ് ഒൻപത് ഇവൻറും സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അതായത്, പ്രാർത്ഥന നടന്നാൽ ‘ദൈവത്തിൻറെ അത്ഭുതം’ പരാജയപ്പെട്ടാലോ ‘പരീക്ഷണം’…!!

• “ബെൻസ് കാർ വേണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. വളരെ അത്യാവശ്യം ആയത് കൊണ്ട് ഒരെണ്ണം അങ്ങ് മോഷ്ടിച്ചു.  ഇപ്പോൾ ആ തെറ്റ് പൊറുക്കാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു” – പ്രാർത്ഥനയുടെ യുക്തിയെ ഇങ്ങനെ ഉദാഹരിച്ച് ഉപസംഹരിക്കാം

പ്രാർത്ഥനയും ചൂഷണങ്ങളും അതേതുടർന്നുളള മരണങ്ങളും അവസാനിക്കില്ലെന്ന് പൂർണ്ണ ബോധ്യമുണ്ട്. നിങ്ങളുടെ പ്രാർത്ഥന മറ്റൊരാളുടെ ബാധിക്കുന്ന കാലം വരെയും നാസ്തികത നിശബ്ദമായിരിക്കില്ല 🙂

image