• ചിറകുകൾ അരിയരുതേ..!!

ഒരു മനുഷ്യായുസ്സിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് ബാല്യം. ഒരു വ്യക്തിയുടെ ചിന്തകളും ചിന്താവീഥിയും രൂപം കൊളളുന്നതും ഇതേ സമയത്ത് തന്നെയാണ്.
“ചൊട്ടയിലേ ശീലം ചുടല വരെ” എന്ന് കാരണവന്മാർ പറഞ്ഞത് ശാസ്ത്രവും അടിവരയിടുന്നു. ഒരു വ്യക്തിയുടെ ചെറുപ്പം അയാളുടെ വ്യക്തിത്വ രൂപീകരണത്തിന് വലിയൊരു പങ്ക് വഹിക്കുന്നു എന്ന് സാരം….!!
എന്നാൽ നമ്മുടെ കുഞ്ഞുങ്ങളുടെ ചിന്താമൊട്ടുകൾ എത്രത്തോളം സ്വതന്ത്രമാണ്? അവർ വളരുന്ന സാഹചര്യങ്ങളിൽ എത്രയെത്ര ‘അടിച്ചേൽപ്പിക്കലുകൾ’ക്ക് വിധേയമാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? തലമുറകളയി കൈമാറി വരുന്ന ഗോത്രീയ സംസ്കാരവും അന്ധവിശ്വാസവും തെറ്റായ ചിന്തകളും കപടശാസ്ത്രവും അടങ്ങിയ മാറാപ്പ് ചുമരിലേറ്റിയല്ലേ ഓരോ പുതുജീവനും അവരുടെ സുവർണ്ണ നിമിഷങ്ങൾ ‘ആസ്വദിച്ച്’ പോരുന്നത്?
Children-with-weapons

‘ഇൻഡോക്ട്രിനേഷൻ’ അഥവാ സിദ്ധാന്തോപദേശം

ഒരു കൂട്ടം വിശ്വാസങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഒരുവന് പൂർണ്ണബോധ്യപ്പെടാതെ അവനിൽ അടിച്ചേൽപ്പിക്കുന്ന ഗോത്രീയ സംസ്കാരത്തെ ‘ഇൻഡോക്ട്രിനേഷൻ’ (Indoctrination) എന്ന് പറയാം .
കാലഹരണപ്പെട്ടത് മതവിശ്വാസമോ പ്രത്യയശാസ്ത്രമോ മറ്റെന്തു തന്നെ ആയാലും, അവ കാലാനുസൃതമായ നവീകരണത്തിന് വിമുഖത കാണിക്കുന്നു എങ്കിൽ ചീഞ്ഞളിഞ്ഞ പലഹാരത്തിന് സമമാകുന്നു.
ഈ വിധം ജീർണ്ണിച്ച പലഹാരങ്ങൾ നിർബന്ധപൂർവ്വം ആഹരിച്ചു വളരുന്ന കുരുന്നുകൾ എങ്ങനെ സ്വതന്ത്രമായി ചിന്തിക്കും?

മതപഠനം എന്ന മാറാപ്പ്

പരിഷ്കരണത്തിന് വിധേയമാകാത്ത ഒന്നാണ് മതം. സൗകര്യാനുസരണം പരിഷ്കരിച്ചാൽ അത് മതം ആകില്ലതാനും. നിർഭാഗ്യവശാൽ മതം ആദ്യം കുത്തിവെക്കുന്നത് വെക്കുന്നത് ജന്മം നൽകിയവർ തന്നെയാണ് . ജനിക്കും മുൻപേ തന്നെ കുഞ്ഞിനിടാൻ സ്വമതത്തിൽ പെട്ട ഒരു പേര് കണ്ടുവെക്കുന്നു , പിന്നെ മതചടങ്ങുകളുടെ ഘോഷയാത്ര തുടങ്ങുകയായി . പിന്നെ മതപഠനശാല എന്ന കാരാഗൃഹത്തിൽ ‘ സ്നേഹപൂർവ്വം ‘ തളളുന്നു. യുക്തിരാഹിത്യം പേറുന്ന മതം പഠിച്ച് മുരടിച്ച തലച്ചോറുമായി ‘ ദിവ്യാത്ഭുതം ‘ പ്രതീക്ഷിച്ച് ജീവിതം തുടരുന്നു .

വിദ്യാലയങ്ങളിലെ കാര്യം ബഹുരസമാണ്. സമത്വത്തിൻറെ പ്രതീകമായ ‘ യൂണിഫോം ‘ ഇട്ട് അറിവു നേടാൻ പോകുന്ന വിദ്യാലയത്തിലും അവരോട് ജാതിയും മതവും ചോദിക്കുന്നുന്നു . നന്മ നിറഞ്ഞ മറിയവും ചൊല്ലി പരിണാമം പഠിപ്പിക്കുന്ന ‘ വിദ്യാലയങ്ങൾ ‘ എത്ര വിരോധാഭാസമാണ്! സർവ്വത്തിനും സൃഷ്ടാവുണ്ടെന്ന മിഥ്യാബോധം അടിച്ചേൽപ്പിച്ച് ശാസ്ത്രം പഠിപ്പിച്ചാൽ എങ്ങനെയിരിക്കും? തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട വിശ്വാസത്തെ ചോദ്യം ചെയ്യുന്നപ്പെടുമ്പോൾ അവൻറെ ശാസ്ത്രബോധം തലകീഴാകുന്നു…!!
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത യോഗയും ഭഗവത് ഗിത പോലുളള ഗ്രന്ഥങ്ങളും മിനുക്കി എന്തോ വലിയ സംഗതിയായി പോലും പല വിദ്യാലയങ്ങളിലും നിർബന്ധപൂർവ്വം അഭ്യസിപ്പിക്കുന്നു. അമൃതാനന്ദമയി പോലുളള കപടനാണയങ്ങളെ ദൈവങ്ങളാക്കി പുസ്തകങ്ങൾ പോലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് എത്ര അപകടകരമായ അവസ്ഥയാണ്!!

Amruthananthamai's fake autobio

മതം പഠിപ്പിക്കുന്ന സത്മാർഗ്ഗത

മതവാദികൾ വിളിച്ചുകൂവി നടക്കുന്ന ഒരു വികല വാദമാണ് ‘മതങ്ങൾ മാനുഷിക മൂല്യങ്ങളും സത്മാർഗ്ഗവും നൽകി മനുഷ്യനെ നേർവഴിക്ക് നടത്തുന്നു’ എന്നത് . ഏത മതത്തിൻറെയും മതഗ്രന്ഥത്തിൻറെയും കാര്യമാണ് ഇവർ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഏത് മതം എടുത്തലും അതിൽ നന്മയെക്കാൾ കൂടുതൽ തിന്മകളാണ് കാണാൻ സാധിക്കുക. മതം സ്ത്രീയുടെ അറവുശാലയാണ്!

ഗീതോപദേശം ‘നേരിട്ട് ‘ ലഭിച്ച അർജ്ജുനന് എന്ത് സംഭവിച്ചു? പഞ്ചപാണ്ടവരും പാഞ്ചാലിയുമാണോ കുട്ടികൾ മാതൃകയാക്കേണ്ടത്? യുദ്ധവും ചതിക്കുഴികളുമാണോ സത്മാർഗ്ഗം?

ബൈബിൾ പഴയനിയമം ഉറക്കെ വായിക്കുന്നത് കേട്ടാൽ ചെവിപൊത്തി ഓടേണ്ടി വരും എന്നതാണ് പരമാർത്ഥം. ‘കന്യകാത്വം’ എന്നത് എന്തോ വലിയ സംഭവമായി കൊട്ടിഘോഷിക്കുകയും സ്വവര്‍ഗസ്നേഹികളെ വെറുക്കാനും പഠിപ്പിക്കുന്ന മതം ആണോ മാനവികത പകരുന്നത്?
യുഗപുരുഷനായി കൊണ്ടുനടക്കുന്ന അന്ത്യപ്രവാചകൻറെ ‘ലൗകിക’ ജീവിതത്തെ ‘നബിചര്യ’ എന്ന രീതിയില്‍ പിൻപറ്റുന്ന സമൂഹം വന്നാൽ ജയിലുകൾ നിറയും. അടിമ സ്ത്രീകളെ ഭോഗിക്കാമെന്ന ആയത്തുകളാണോ കുട്ടികളുടെ വഴികാട്ടി? പല്ലിയെ കണ്ടാൽ ഒറ്റയടിക്ക് കൊല്ലണം എന്ന് പഠിപ്പിക്കുന്നതാണോ യുക്തിയും ശാസ്ത്രബോധവും?

സ്നേഹം, ദയ, വാത്സല്യം എന്നീ ഗുണങ്ങൾ പരിണാമകരം തന്നെയാണ്. ഒരു മതത്തിലും പെടാത്ത മൃഗങ്ങള്‍ എങ്ങനെ ഇതൊക്കെ പ്രകടിപ്പിക്കുന്നു? എന്നാൽ മൃഗങ്ങളെ പോലെ പ്രകൃതിക്കനുസരിച്ച് ജീവിക്കണമോ എന്ന ചോദ്യം വന്നേക്കാം. സാമുഹിക പരിണാമം (Social Evolution) വഴി കാടത്ത സംസ്കാരത്തെ യുക്തിചിന്തയിലൂടെ മനുഷ്യന്‍ മറി കടന്നിരിക്കുന്നു എന്നതാണ് ശരി.
സംസ്കാര രൂപീകരണത്തിൻറെ ഭാഗമായി രൂപം കൊണ്ട മതം ‘അന്നത്തെ ആവശ്യകത’ ആയിരിക്കാം , എന്നാൽ ഇന്ന് മതം എന്ന ചട്ടക്കൂടിന് യാതൊരു അടിസ്ഥാനവുമില്ല 🙂

കുത്തിത്തിരുകുന്ന പ്രത്യയശാസ്ത്രം

അഴിമതി നടത്തിയും ഗൂണ്ടായിസം കാണിച്ചും വർഗ്ഗിയവിഷം ചീറ്റിയും നാടുമുടിക്കുന്ന രാഷ്ട്രീയ പുംഗവൻമാർ പിഞ്ചുകുഞ്ഞുങ്ങളെ പോലും ‘രാഷ്ട്രീയ ചട്ടുകങ്ങളായി’ ചൂഷണം ചെയ്യുന്നതായി ഇയ്യിടെ ശ്രദ്ധയിൽ പെട്ടു. സംഘപരിവാർ സംഘടനകളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. ചെറുപ്പത്തിലെ തന്നെ ആൺകുട്ടികളെ ശാഖാ പ്രവർത്തനത്തിന് കൂട്ടി കൊണ്ടുപോയി ‘ഹിന്ദുത്വ അജണ്ടകൾ’ കുത്തിവെക്കുന്നു . ചരിത്രത്തെ വളച്ചൊടിച്ച് കപടശാസ്ത്രം തിരുകികയറ്റി കുപമണ്ടൂകങ്ങളെ പടച്ച് വിടുന്നു. അങ്ങനെ ഇവർ വർഗ്ഗീയതയ്ക്കൊപ്പം കപടശാസ്ത്രത്തിൻറെയും വക്താക്കൾ ആകുന്നു…!!

ഇതേ പ്രവണത അനുകരിച്ച് ‘യുക്തിചിന്തയുടെ വക്താക്കൾ’ എന്ന് സ്വയം വിളമ്പരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രസ്താനങ്ങൾ പോലും കുട്ടികളെ ഈ വിധം കോമാളി വേഷം കെട്ടിക്കുന്നതിൽ മത്സരിക്കുന്നു എന്നത് അപലപനീയം തന്നെ.

മാതാപിതാക്കൾ പാർട്ടിസമ്മേളനങ്ങളിൽ പങ്കെടുക്കോമ്പോൾ കൂടെ കൊണ്ടുവരുന്ന മക്കളെ ‘അവരുടെ’ പൂർണ്ണ സമ്മതത്തോടെയാണത്രേ ഈ വിധം അണിയിച്ചൊരുക്കുന്നത്
പ്രത്യയശാസ്ത്രവും രാഷ്ട്രീയവും തലക്ക് പിടിച്ച് ബോംബുണ്ടാക്കാനും പരസ്പരം കുത്തിച്ചാകാനും ചാവേറുകളെ സൃഷ്ടിക്കുകയാണെന്ന് തുറന്ന് സമ്മതിക്കാൻ പാടില്ലല്ലോ, അല്ലേ?

( മറ്റുപാർട്ടികളും ഒട്ടും മോശമല്ല. ഇത്രയും ഭീകരമായ പ്രവണത കാണുന്നില്ല എന്നതാണ് ഏക ആശ്വാസം )

മതവും പ്രത്യയശാസ്ത്രവും കുത്തിവെക്കുപ്പെടുന്ന ബാല്യങ്ങളെ തായ് വേര് അറ്റ് പോയ ബോൻസായ് മരങ്ങളോട് ഉപമിക്കാം – താൻ തളയ്ക്കപ്പെട്ട ചെടിച്ചട്ടിയാണ് ലോകം എന്ന മിഥ്യാധാരണയിൽ കാര്യമായി കായ്ക്കാതെ തണലേകാതെ ജീവിതം ഹോമിക്കപ്പെടാൻ നിർബ്ബന്ധിതരായവർ…!!

ഭൂമിയില്‍ ജനിച്ച് വീഴുന്ന ഓരോ ജന്തുവും സ്വതന്ത്രനാണ്. അവനിൽ മതവും മതവിദ്ധ്വേഷവും രാഷ്രീയവും അടിച്ചേൽപ്പിക്കാൻ നമ്മുക്കെന്ത് യോഗ്യത?

ശരിയായ വിദ്യാഭ്യാസ രീതി അവലംബിക്കുകയാണ് ആദ്യം വേണ്ടത്. പഴകിയ വിദ്യാഭ്യാസ വ്യവസ്ഥാപിത രീതി പുതുക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്. ശരിയായ രീതിയില്‍ ശരിയായ സമയത്ത് വേണ്ടവിധം ശാസ്ത്ര ബോധവും ലൈംഗിക വിദ്യാഭ്യാസവും നൽകുവാൻ ഉതകുന്ന പാഠ്യപദ്ധതിയാണ് നമ്മുടെ കുരുന്നുകൾക്ക് ആവശ്യം
അവർ ചിന്തയുടെ ചിറകുകൾ വിടർത്തി പറന്നുയരട്ടെ , നമ്മുക്ക് അതിനായി പിന്തുണയേകാം..
ദയവ് ചെയ്ത് ആ ചിറകുകൾ അരിയരുതേ