• ഇനിയെങ്ങാണം ദൈവം ഉണ്ടെങ്കിലോ !

പണ്ട് കേട്ട് മറന്ന ഒരു രസകരമായ കഥയുണ്ട്.

കുടുംബസ്ഥനായ ഈ മത്തായിക്ക് കുറച്ചുനാളായി ഒരു തോന്നൽ – താൻ ഒരു ചുണ്ടെലി ആണോ എന്ന്. നാട്ടിൽ ഉള്ള മാർജ്ജാരന്മാർ എല്ലാം തനിക്കെതിരെ ഗൂഢാലോചന ചെയ്യുന്നു എന്ന് തോന്നിയപ്പോൾ അയാൾ വീട്ടിൽ ആകെ ബഹളം ഉണ്ടാക്കാൻ തുടങ്ങി. സഹികെട്ട് അയാളുടെ ഭാര്യ ഒരു മനഃശാസ്ത്രവിദഗ്ധന്‍റെ അടുത്ത് അയാളെ കൂട്ടിക്കൊണ്ട് പോയി. ഡോക്ടർ തന്‍റെ അനുഭവപാടവം വെച്ച് സംഗതി കൈകാര്യം ചെയ്തു. അല്പം പരിശ്രമപ്പെട്ട് ആണെങ്കിൽ കൂടി അയാൾ ഒരു എലി അല്ല, മനുഷ്യൻ ആണെന്ന് അയാളെ ബോധ്യപ്പെടുത്തി. അയാൾക്കും ഭാര്യക്കും  സമാധാനമായി . ഫീസ് കൊടുത്ത് സന്തോഷമായി ക്ലിനിക്കിന്റെ പടി ഇറങ്ങി.

അഞ്ച് മിനിട്ടു പോലും എടുത്തില്ല, ഡോക്ടറെ ഞെട്ടിച്ച് കൊണ്ട് അയാൾ ക്ലിനിക്കിലേക്ക് ഓടിക്കയറി. വിയർപ്പ് തുടച്ചുകൊണ്ട് അയാൾ പറഞ്ഞു,”ഡോക്ടർ, അതാ അവിടെ ഒരു കണ്ടൻ പൂച്ച. എനിക്ക് പേടി ആകുന്നു ഡോക്ടർ”
ഡോക്ടർ അയാളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു “തനിക്ക് നന്നായി ഞാൻ മനസ്സിലാക്കി തന്നതല്ലേ എന്‍റെ മത്തായി താൻ എലി അല്ലാന്ന്. പിന്നെന്താ പ്രശനം?”മത്തായി ഉടനെ തന്നെ മറുപടി കൊടുത്തു – “പൊന്നു ഡോക്ടറെ എനിക്ക് നല്ലോണം  മനസ്സിലായി ഞാൻ എലി അല്ലെന്ന്, പക്ഷെ അത്  ആ കണ്ടൻ പൂച്ചക്ക് അറിയില്ലല്ലോ!”

ഈ മത്തായിയുടെ അവസ്ഥ ആണ് പല ദൈവ വിശ്വാസികൾക്കും. ചില വിശ്വാസങ്ങൾ തലച്ചോറിൽ കയറികൂടിയാൽ ഇങ്ങനെ ആണ് , എത്ര തെളിവുകള്‍ നിരത്തിയാലും  തളം കെട്ടി കിടക്കും. “ദൈവം ഇല്ലാ എന്നതിന് നിങ്ങൾ പറയുന്ന കാരണങ്ങൾ ഒക്കെ യുക്തിഭദ്രം ആണ്, എന്നാലും ഇതൊക്കെ എങ്ങനെ!” എന്ന ലൈനിൽ ആണ് പലരുടെയും ‘യുക്തി’യുടെ അഞ്ചലോട്ടം.

ചെറുപ്പത്തിൽ അടിച്ചേല്പിക്കപ്പെട്ട വിശ്വാസങ്ങൾ (Indoctrination) പേറിയാണ് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം.അത്തരം വിശ്വാസങ്ങളെ പിഴുതെറിയുക എന്നത് ഭഗീരഥ പ്രയത്‌നം തന്നെയാണ്.

ഇൻഡോക്ടറിനേഷനെ കുറിച്ച് നേരത്തെ എഴുതിയ ബ്ലോഗ് വായിക്കുക – ചിറകുകൾ അരിയരുതേ..!!

ഇന്നലെ പുസ്തകം വായിക്കുന്നതിനിടെ പത്തിൽ പഠിക്കുന്ന അനുജൻ പതിവ് പോലെ എന്നെ ഉത്തരം മുട്ടിക്കാനായി വന്നു. യുക്തിവാദം തന്നെ ആയിരുന്നു അവന്റെ വിഷയം. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം തുടങ്ങി പരിണാമവും താണ്ടി ബിഗ്ബാംഗ് വരെ എത്തി. അവന് മനസിലാകുന്ന രീതിയിൽ ഞാൻ എല്ലാത്തിനും മറുപടി നൽകി എന്ന സിഗ്നൽ നൽകിക്കൊണ്ട് അവൻ തോൽവി അവസാനമായി ഒരു ചോദ്യം ചോദിച്ചു – “അപ്പൊ ഈ ദൈവം ഒന്നും ഇല്ലന്നാണോ പറയുന്നേ?”

പുഞ്ചിരിച്ചു കൊണ്ട് ഞാൻ മറുപടി കൊടുത്തു -” ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ നിന്നോട് ഉറപ്പു പറയുന്നില്ല, ദൈവത്തിന് ഇന്നേ വരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വിശ്വസിക്കുന്നത് എന്റെ യുക്തിയെ സംബന്ധിച്ച് അംഗീകരിക്കാൻ പ്രയാസമാണ്. തെളിവ് കിട്ടിയാൽ ഞാനും വിശ്വാസി ആകാൻ തയ്യാറാണ്. നീ നിരീശ്വരവാദി ആകാനോ യുക്തിവാദം പ്രചരിപ്പിക്കാണോ ഞാൻ പറയില്ല. തെളിവുകൾ തേടുക. അതിനെ അടിസ്ഥാനമാക്കി യുക്തിചിന്തനം നടത്തുക.”

എന്റെ മറുപടിയിൽ മതിപ്പ് തോന്നയെന്നവണ്ണം തലയാട്ടിക്കൊണ്ട് അവൻ പറഞ്ഞു – ” എനിക്കും യുക്തിവാദി ആകണം; പക്ഷെ പത്താം ക്ലാസ്സ് പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ.” കാരണം ചോദിച്ചപ്പോൾ അവൻ തുടർന്നു – “ഇനിയെങ്ങാണം ദൈവം ഉണ്ടെങ്കിലോ!”