•രോഹിത് വെമുലയുടെ മരണം – ഒരു രാഷ്ട്രീയ പ്രഖ്യാപനം.

ബ്രാഹ്മണിസത്തിന്‍റെ ഭീകര താണ്ഡവ പ്രകമ്പനങ്ങള്‍ അലയടിക്കുന്ന ഇന്ത്യന്‍ പൊതുബോധത്തില്‍ ദളിതന്‍ എന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദളിതനെ മനുഷ്യന്‍ ആയിപോലും കണക്കാക്കാത്ത സാമൂഹിക അനീതി നിലനില്‍ക്കുമ്പോളും അവന് അര്‍ഹമായ സംവരണം നീക്കം ചെയ്യണം എന്ന് മുറവിളി കൂട്ടുന്ന വലിയൊരു കൂട്ടം ഇവിടെയുണ്ട്. തങ്ങള്‍ക്ക് കരുതി വെച്ച എന്തോ ദളിതര്‍ തട്ടി എടുക്കുന്നു എന്ന് കരുതുന്ന അത്തരക്കാര്‍ രോഹിതിന്‍റെ ആത്മഹത്യയുടെ പിന്നാമ്പുറങ്ങള്‍ അറിയേണ്ടത് അത്യാവശ്യം ആണ് . രോഹിതിന്‍റെ ജീവത്യാഗത്തിനും അതിന്‍റേതായ രാഷ്ട്രീയം ഉണ്ട് – സണ്ണി .എം . കപ്പിക്കാട് സംസാരിക്കുന്നു :Politics of Rohit's Suicide

“രോഹിത് വെമുലയുടെ ജീവത്യാഗം യഥാര്‍ത്ഥത്തിൽ ഇന്ത്യയോട്, ഇന്ത്യൻ സമൂഹത്തോട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, രോഹിത് വെമുല വളരെ സമർത്ഥനായ ഒരു വിദ്യാര്‍ത്ഥിയും അംബേദ്കർ സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍റെ ( ASA) പ്രവര്‍ത്തകനുമായിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (HCU)അംബേദ്കർ സ്റ്റുഡന്റ്സ് അസ്സോസിയേഷൻ എന്ന് പറയുന്നത് കേവലം ഒരു ദളിത് പ്രസ്ഥാനം അല്ല. ദളിതർ, ആദിവാസികൾ, മറ്റു ന്യൂനപക്ഷങ്ങള്‍ തുടങ്ങി അംബേദ്കർ ആശയങ്ങൾ പിൻപറ്റുന്ന സവർണ വിദ്യാർത്ഥികളടക്കം ഇതിൽ മെമ്പർമാരാണ്. അതുകൊണ്ടാണ് അവർക്ക് രണ്ട് തവണ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഭരിക്കാൻ കഴിഞ്ഞത്. വളരെ ലിബറൽ ആയ, മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന ദളിത് അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ അവർ അവിടെ അധികാരത്തിൽ വന്നു. അത് യഥാര്‍ത്ഥത്തിൽ ഇന്ത്യയ്ക്ക് ഒരു മാതൃകയാണ്. അംബേദ്കറിസത്തിലൂടെ വലിയ ഒരു വിഭാഗം ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്നും അതിലൂടെ വേണമെങ്കിൽ പൊളിറ്റിക്കൽ പവറിലേക്ക് വരാൻ കഴിയുമെന്നും ഉള്ള വളരെ മൈക്രോസ്കോപിക് ആയ ഒരു രൂപം ആയി ASA യുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താം. അത്തരമൊരു പ്രസ്ഥാനത്തിന്‍റെ വക്താവ് ആയിരുന്നു രോഹിത് വെമുല.

അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പ് ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ക്ക് ഒരു കത്ത് എഴുതുകയുണ്ടായി. ആ കത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. “ഇവിടെ ദളിത് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുമ്പോൾ 10 ഗ്രാം സയനൈഡ് അവർക്കു കൊടുക്കണം. അവന് എപ്പോഴെങ്കിലും അംബേദ്കറിസം വായിക്കണമെന്ന് തോന്നുംപോൾ കഴിക്കാം”. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് ആണത്. അംബേദ്‌കറിസം എന്താണെന്നും ,ഈ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അംബേദ്‌കറിസത്തെ പിന്തുടരുന്ന വിദ്യാര്‍ഥികള്‍ എന്തെല്ലാം പ്രതിസന്ധികള്‍ ആണ് നേരിടുന്നത് എന്നതിന്‍റെ ഒരു സ്റ്റേറ്റ്മെന്‍റ് ആണത് . “അംബേദ്‌കറിസം വായിക്കുമ്പോള്‍ സയനൈഡ് കഴിക്കണം” എന്ന് പറയുമ്പോള്‍ ആ ആശയത്തിന്‍റെ ജൈവികമായ നിലനില്‍പ്പിനെ ബാധിക്കുന്ന എന്തൊക്കെയോ ആ കാമ്പസില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ജീവത്യാഗം, അതിന്‍റെ ഒരു പശ്ചാത്തലം എ.ബി.വി.പിയും എ.എസ്.എ യും തമ്മില്‍ ഉള്ള സംഘര്‍ഷത്തിന്‍റെ ബാക്കി പത്രം ആണ്. അത് വളരെ വ്യക്തം ആണ് , അതിനു പറയുന്ന ന്യായങ്ങളും കാരണങ്ങളും എന്തൊക്കെ തന്നെ ആയാലും. അംബേദ്‌കറിസത്തെ പിന്തുടരുന്ന വിദ്യാര്‍ഥിപ്രസ്ഥാനവും ഹിന്ദുത്വത്തെ പിന്തുടരുന്ന വിദ്യാര്‍ഥി പ്രസ്ഥാനവും മുഖാമുഖം നിന്നു എന്നതാണ് പ്രധാനപെട്ട കാര്യം. അവിടെ ASAയെ ഇല്ലാതാക്കുന്നതിന് വേണ്ടി കേന്ദ്രഗവണ്മെന്റ് അടക്കം മുന്നില്‍ നിന്നു എന്നതാണ് പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടത് . ഒരു കാമ്പസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിയുണ്ടാവുക എന്നത് സര്‍വസാധാരണമായ ഒരു കാര്യമാണ് .അതെല്ലാം കടന്ന് അതിനപ്പുറം കേന്ദ്ര ഗവണ്മെന്റ് ഇടപെട്ട ഒരു സംഭവമായി ഇത് മാറി. അതിനെതുടര്‍ന്നാണ്‌ ഇത്രയും വലിയ സമ്മര്‍ദം ഉണ്ടാവുകയും 5 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ചെയ്തത്. ഈ 5 വിദ്യാര്‍ത്ഥികളും ദളിതര്‍ ആണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. കാമ്പസില്‍ നിന്ന് പുറത്താക്കിയതിനു ശേഷം അവര്‍ ഒരു ദളിത് ഗെറ്റോ (Dalit Ghetto = അവര്‍ ജീവിച്ച ടെന്റിനു ഇട്ട പേര് ) ഉണ്ടാക്കി ജീവിച്ചു വരികയായിരുന്നു. അത് ഒരുപക്ഷെ ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ദളിറ്റ് ഗെറ്റോ ആയിരിക്കും . സമരപന്തലിനു ദളിത്‌-ഗെറ്റോ എന്ന് പറയാന്‍ കഴിഞ്ഞത് പോലും പ്രധാനപെട്ട ഒരു രാഷ്ട്രീയ ബോധവല്‍ക്കരണം ആണെന്ന് മനസ്സിലാക്കണം. ഹിന്ദുത്വശക്തികളും അംബേദ്‌കറിസ്റ്റ്ശക്തികളും മുഖാമുഖം നിന്ന സാഹചര്യത്തിലാണ് രോഹിത് ജീവത്യാഗം നടത്തിയത്. അതുകൊണ്ട് തന്നെ അത് ഒരു പൊളിറ്റിക്കല്‍ ആക്ട്‌ ആണ്. അത് ഒരിക്കലും ഭീരുത്വം അല്ല, അതില്‍ രാഷ്ട്രീയം തന്നെ ആണുള്ളത്. അതുകൊണ്ടാണ് അഖിലേന്ത്യാതലത്തില്‍ ആ മരണം ആഞ്ഞടിച്ചത്. ഭീരുവായ ഒരാള്‍ ആണ് ആത്മഹത്യ ചെയ്തത് എങ്കില്‍ ഇന്ത്യ അത് എറ്റെടുക്കില്ലായിരുന്നു. ഇന്ത്യന്‍ സര്‍വകലാശാലകളെ ത്രസിപ്പിക്കുന്ന വിഷയം ആയി അത് മാറിയത് ആ മരണത്തില്‍ അതിനെതായ രാഷ്ട്രിയം ഉള്ളത് കൊണ്ടാണ്.

അദ്ദേഹത്തിനന്‍റെ ആത്മഹത്യാകുറിപ്പ് വായിക്കുമ്പോള്‍ നമുക്ക് അത് മനസ്സിലാവും. അതില്‍ അദ്ദേഹം പറയുന്നു അദ്ദേഹത്തിന് കാള്‍സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്ത്കാരന്‍ ആകണമെന്ന്. ഒരുപക്ഷെ വെമുലക്ക് അതിനുള്ള ശേഷിയും ഉണ്ടായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ കാള്‍സാഗനെ പോലെയോ അതിനപ്പുറമോ ഉള്ള ഒരു ശാസ്ത്രജ്ഞന്‍ ആകുമായിരുന്നു. രണ്ടു വിഷയങ്ങളില്‍ JRF(Junior Research Fellowship)ഉണ്ടായിരുന്ന ആള്‍ ആയിരുന്നു വെമുല. അധ്യാപകരോട് ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം ചോദിക്കുമായിരുന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും അവര്‍ക്ക് ഉത്തരം ഇല്ലായിരുന്നു . ഒരിക്കല്‍ ചോദ്യങ്ങള്‍ ചോദിച്ച രോഹിതിനെ “നീ ഒരു മാല (ദളിത് വര്‍ഗം ) അല്ലെ? ,അധികം ചോദ്യങ്ങള്‍ വേണ്ട ” എന്ന് അധിക്ഷേപിച്ച് വാ അടപ്പിച്ചതായി ഞാന്‍ അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞു . ആ സംഭവം ഒക്കെ ഒരുപക്ഷെ അദ്ദേഹത്തെ വേദനിപ്പിച്ചു കാണും . അദേഹത്തിന്‍റെ അത്മാഹത്യാ കുറിപ്പില്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം അറ്റ് പോയിരിക്കുന്നു എന്ന് വളരെ കാവ്യാത്മകമായി പറഞ്ഞിരിക്കുന്നു . തനിക്കു മരണത്തിനു ശേഷം ഒരു പക്ഷെ നക്ഷത്രങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിലെ സര്‍ഗാത്മകതയുള്ള കവിയെ ചൂണ്ടി കാണിക്കുന്നു . ഈ കഴിവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തെ ആ ക്യാമ്പസ്‌ ഒരിക്കലും പിന്തുണചിരുന്നില്ല എന്നതാണ് വിഷയം. ദളിതര്‍ക്ക്, അവനവന്‍റെ ശേഷി , അവന് അതിജീവിക്കാന്‍ ഉള്ള ഒരു അസെറ്റ് ആവുന്നില്ല. “നീ മാല അല്ലേ? ” എന്ന് ചോദിക്കുന്നതിലൂടെ ജാതിവ്യവസ്ഥയുടെ ശ്രേണീബദ്ധമായ അസമത്വത്തിന്‍റെ (Graded inequality)പ്രവര്‍ത്തനമാണ് നടക്കുന്നത്.ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഈ അസമത്വം സാങ്കേതികമായും വ്യവസ്ഥാപിതമായും ആസൂത്രിതമായി പ്രാക്ടീസ് ചെയ്യപ്പെടുന്നു. അവിടെ ഒരുപക്ഷെ നേരിട്ട് ജാതി ഒന്നും പറയാറുണ്ടാവില്ല. പക്ഷെ ഒരു കുട്ടി അവിടെ ചേരാന്‍ വരുന്നത് മുതല്‍ അത് ആരംഭിക്കുന്നു. JNUലെ ഒരു കുട്ടി എന്നോട് പറഞ്ഞ ഒരു അനുഭവം ഞാന്‍ പറയാം. 30 മാര്‍ക്കാണ് അവിടെ എഴുത്ത് പരീക്ഷ. ആ പരീക്ഷയില്‍ ഇരുപത്തഞ്ചോ ഇരുപത്താറോ വരെ മാര്‍ക്ക്‌ മേടിക്കുന്ന ഒരു ദളിത്‌ വിദ്യാര്‍ഥിക്ക് പക്ഷെ ഇന്റര്‍വ്യൂവിന് മൂന്നും നാലും മാര്‍ക്കാണ് കിട്ടുന്നത്. അവിടെ അവന് അഡ്മിഷന്‍ കിട്ടാതിരിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടങ്ങളില്‍ തന്നെ തുടങ്ങുന്നു. രണ്ടാമത്, ഒരു ദളിത്‌ വിദ്യാര്‍തിക്ക് ഗൈഡിനെ കിട്ടുക ബുദ്ധിമുട്ടാണ്. ആരും ഇവനെ ഏറ്റെടുക്കാന്‍ തയ്യാറല്ല. കഴിവിന് അവിടെ യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ല.പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാണ് ഒരു ഗൈഡിനെ ലഭിക്കുക. അപ്പോഴേക്കും ഒരു വിദ്യാര്‍ഥിയുടെ പകുതി ആത്മവീര്യം നഷ്ടപ്പെടും. ഇനി അവസാനം ഏറ്റെടുക്കുന്ന ഗൈഡ് തന്നെ ഇവനെ ഇപ്പോഴും ‘നിനക്ക് ശേഷി ഇല്ലെന്നും’, ‘നിനക്ക് ഇംഗ്ലീഷ് അറിയില്ലെന്നും’, ‘നീയൊന്നും യോഗ്യനല്ലെന്നും’ ഒക്കെ പറഞ്ഞ് നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും. ഒരു വിദ്യാര്‍ഥി നേരിടേണ്ട അചിന്ത്യമായ ആത്മസംഘര്‍ഷം ആണിത്. ആന്ധ്രയില്‍ തന്നെ മറ്റൊരു കോളേജില്‍ പഠിച്ചിരുന്ന PhD ചെയ്തിരുന്ന ഒരു വിദ്യാര്‍ഥി 2 വര്‍ഷം മുന്നേ ആത്മഹത്യ ചെയ്യുകയുണ്ടായി. “നിനക്കൊക്കെ നിന്‍റെ കുലത്തൊഴിലായ കന്നുകാലി മേക്കാന്‍ പോയാല്‍ പോരേ? നീയൊക്കെ എന്തിനാ ആവശ്യമില്ലാതെ ഗവേഷണം നടത്താന്‍ ഒക്കെ നടക്കുന്നത്?” എന്ന രണ്ട് വര്‍ഷം പിന്നിട്ട ഗവേഷണം നടത്തുന്ന ആ വിദ്യാര്‍ഥിയോട് ഗൈഡ് ചോദിച്ചതില്‍ മനം നൊന്താണ് ആ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ദളിതന് ഗൈഡിനെ കിട്ടാതെ വരിക, കിട്ടിയാല്‍ തന്നെ അത് മോശം ഗൈഡ് ആവുക, ആ ഗൈഡ് തന്നെ വിദ്യാര്‍ഥിയെ നിരന്തരം നിരുല്‍സാഹപ്പെടുത്തുക. ഇത്തരത്തില്‍ ഒരു ദളിത് വിദ്യാര്‍ഥിയുടെ ആത്മവീര്യം തകര്‍ക്കുന്ന രീതികള്‍ ജാതിവിവേചനത്തിന്‍റെ ഒരു മാര്‍ഗ്ഗമാണ്. അങ്ങനെ വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസ മികവിനെ ഒരുതരത്തിലും പരിപോഷിപ്പിക്കുന്ന ഒരു സാഹചര്യമല്ല ക്യാമ്പസ്സില്‍ നിലനില്‍ക്കുന്നത്. മൂന്നാമത്തെ കാര്യം, അവിടെ പഠിക്കാന്‍ വരുന്ന കുട്ടികളില്‍ 90 ശതമാനവും സ്കോളര്‍ഷിപ്പിനെ ആശ്രയിച്ചാണ് പഠിക്കുന്നത്. ഈ സ്കോളര്‍ഷിപ്പിനെ മനപൂര്‍വം തടസപെടുത്തുക എന്നതാണ് മറ്റൊരു രീതി. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഒരു മാസമെങ്കിലും സ്കോളര്‍ഷിപ്പ്‌ കിട്ടാതെ വരുമ്പോള്‍ പിന്നെ ശ്രദ്ധ മുഴുവന്‍ ദൈനംദിനമായ അതിജീവനതിന്റെതായിരിക്കും. വസ്ത്രം മേടിക്കുക, അരി മേടിക്കുക. ഭക്ഷണം ഉണ്ടാക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലേക്ക് അവന്‍റെ ശ്രദ്ധ തിരിയുകയും അകാഡെമിക് ആയിട്ടുള്ള അവന്‍റെ എല്ലാ എഴുത്തും വായനയും ഒക്കെ അസ്തമിക്കുകയും ചെയ്യുന്നു. അങ്ങനെ അവന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ സ്കോളര്‍ഷിപ്പ്‌ തടയാന്‍ കാരണക്കാരായ അതേ അധ്യാപകര്‍ തന്നെ അവന്‍ മോശം വിദ്യാര്‍ഥി ആണെന്ന് രേഖപ്പെടുത്തുകയും ചെയ്യും. അതോടെ അവന്‍റെ സ്കോളര്‍ഷിപ്പും അവസാനിക്കും. വെമുലയുടെ തന്നെ കാര്യം നോക്കിയാല്‍, ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് മരിക്കുന്ന സമയത്ത് വെമുലക്ക് കിട്ടാന്‍ ഉണ്ടായിരുന്നത്.

അങ്ങനെ തുടക്കം മുതല്‍ ഒരു വിദ്യാര്‍ഥിയുടെ സര്‍ഗാത്മകമായ സകല കഴിവുകളേയും ആസൂത്രിതമായി ഇല്ലാതാക്കുന്ന ഒരു സ്ഥിതിവിശേഷമാണ് അവിടെ ഉള്ളത്. അങ്ങനെ പ്രത്യക്ഷമായി ജാതി പറയാതെ തന്നെ വ്യവസ്ഥാപിതമായി ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം നടത്താവുന്ന ഒരു പുതിയ സാങ്കേതികതയാണ് അവിടെ നടക്കുന്നത്.പിന്നെ ഒന്നുള്ളത്, ഒരു ദളിത്‌ വിദ്യാര്‍ത്ഥിക്ക് ഒരു പ്രശ്നം ഉണ്ടെങ്കില്‍ അത് പറയാന്‍ ഉള്ള സാഹചര്യം പോലും സര്‍വകലാശാലയില്‍ ഇല്ല എന്നതാണ്. അവനെതിരെ വിവേചനം കാണിക്കുന്ന അധ്യാപകരുടെ അടുത്ത് തന്നെ അവന് പരാതി പറയേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത്. വിദ്യാര്‍ഥികള്‍ സമൂഹത്തിന്‍റെ പല മേഖലകളില്‍ നിന്ന് വരുന്നവരാണെന്നും അവര്‍ക്ക് വ്യതസ്തമായ പരിഗണകള്‍ ആവശ്യമുണ്ടെന്നും തിരിച്ചറിയുന്ന ഒരു സംവിധാനം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇല്ല. ഒരു സവര്‍ണ-സമ്പന്ന വര്‍ഗ്ഗത്തെയാണ് അധ്യാപകസമൂഹം ഒരു മാതൃകാവിദ്യാര്‍ഥിയുടെ മോഡല്‍ ആയി പരിഗണിക്കുന്നത്. താഴ്ന്ന ജാതിക്കാരെല്ലാം മോശക്കാരാണെന്നും കുഴപ്പക്കാരാണെന്നുമുള്ള ഒരു പൊതുധാരണയാണ് നിലനില്‍ക്കുന്നത്. ദളിത്‌ വിദ്യാര്‍ഥികളെ അവന്‍ ഉന്നതജാതിക്കാരെ പോലെ ആവാത്തതില്‍ പഴിചാരുകയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍. കേരളത്തില്‍ പോലും ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം. നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന വ്യക്തമായ ജാതിവ്യവസ്ഥയും വിവേചനവുമാണ് ഈ സംഭവം പുറത്ത് കൊണ്ട്വരുന്നത്. ഇന്ത്യ ഒരു ജനാതിപത്യസമൂഹം അല്ല എന്ന സത്യമാണ് ഈ സംഭവം ഊന്നിപറയുന്നത്. ഇന്ത്യയെ ഒരു ജനാതിപത്യരാജ്യം ആക്കാന്‍ സമ്മതിക്കാത്തത് ജാതിവ്യവസ്ഥയാണ് എന്ന യാഥാര്‍ത്യം ഇന്ത്യ അംഗീകരിക്കണം. ഇതാണ് ഈ സംഭവത്തിന്‍റെ ദേശീയതലത്തിലെ പ്രാധാന്യം. അംബേദ്‌കറിസം ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്. കാരണം അംബേദ്‌കര്‍ മാത്രമാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ജാതിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനരീതി എന്തെന്ന് കണ്ടെത്തിയ രാഷ്ട്രീയനേതാവ്! ”