• ഹിന്ദു മതത്തിലെ ഫെമിനിസ്റ്റ് ദേവിമാർ!

അഖിലലോക മത വിശ്വാസികളും സദാചാര ”ശ്രേഷ്ഠന്മാരും” ഏകണ്ഠേന ഐക്യപ്പെടുന്ന വിഷയം ആണല്ലോ ആർത്തവം. ചികഞ്ഞു നോക്കിയാൽ രജസ്വലയായ യുവതിക്ക് വിലക്കുകൾ ഏർപ്പെടുത്തിയ അപരിഷ്കൃത സമൂഹത്തെ എവിടെയും കാണാം.കാളവണ്ടി യുഗത്തിലെ അന്ധവിശ്വസികളായ കാരണവന്മാർക്ക് നമുക്ക് അല്പം ഇളവു കൊടുക്കാം, എന്നാൽ ഈ നാനോ യുഗത്തിലും  ഇത്തരം അന്ധവിശ്വാസങ്ങളും പഴകി നാറിയ സദാചാരവും പേറി ‘പ്രബുദ്ധ’ ജനത ജീവിതം നയിക്കുന്നു എന്നത് എത്ര അപമാനകരം ആണ് !

hindu

 

 ആർത്തവ “അശുദ്ധി“

ആർത്തവ സമയങ്ങളിൽ എല്ലാ മതങ്ങളും സ്ത്രീകൾക്ക് ദേവാലയങ്ങളിൽ പ്രവേശനം വിലക്കുന്നു. ‘ആ ദിവസങ്ങളിൽ’ അവൾ തൊട്ടു കൂടാത്തവളായി മാറുന്നു,എല്ലായിടത്തും  നിന്നും അവളെ അകറ്റുന്നു – ഇത്രക്കൊക്കെ ഭ്രഷ്ട് കല്പിക്കേണ്ട ഒന്നാണോ ഈ  ആർത്തവം? രക്തം തന്നെ അല്ലെ വരുന്നത്, സയനൈട് ഒന്നും അല്ലല്ലോ!

ഏതൊരു സ്ത്രീയുടെയും  ജീവിതത്തിലെ സാധാരണമായ ഒരു ജൈവ പ്രക്രിയ ആണ് ആർത്തവം. എന്നാൽ ശരീരത്തിലെ മറ്റു വിസർജ്യങ്ങൾക്ക് ഇല്ലാത്ത എന്തോ ഒന്ന് ആർത്തവ രക്തത്തിന് നമ്മുടെ സമൂഹം  കൽപ്പിച്ച് കൊടുക്കുന്നു. സമൂഹ ദൃഷ്ടിയിൽ അത് വൃത്തിഹീനവും ചർച്ച ചെയ്യാൻ പാടില്ലാത്തതും ആകുന്നു.

മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രവും ശബരിമലയും ട്രെണ്ടിംഗ് ടോപ്പിക്ക് ആയതോടെ  ആർത്തവ ചർച്ചകൾ നവമാധ്യമങ്ങളിൽ കൊടുമ്പിരി കൊള്ളുന്നു. പെണ്ണിൻറെ സ്വാതന്ത്ര്യത്തിനായി  ഭരണഘടനയും മതങ്ങളും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തം നടത്തുമ്പോൾ ഹിന്ദു മതത്തിലെ ചില ‘ആർത്തവ വിരോധാഭാസങ്ങൾ’ ചർച്ച ചെയ്യേണ്ടതായി വരുന്നു – ചില ദേവീപ്രതിഷ്ഠകൾ  രജസ്വലകൾ ആകാറുണ്ടത്രേ! ദേവിമാർ അമ്പലത്തിൽ രജസ്വലകൾ ആയി പ്രതിഷേധിക്കുന്നു എങ്കിലും ഇവിടെയും രജസ്വലകൾ ആയ ഭക്തമാർക്ക് ക്ഷേത്രത്തിന് പുറത്ത് തന്നെ സ്ഥാനം !

ബ്രഹ്മപുത്ര ചുവപ്പിക്കുന്ന കാമാഖ്യാ ദേവി 

ഗുവാഹട്ടിയിൽ നീലാചൽ മലയിലാണ് കാമാഖ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മറ്റുള്ള ക്ഷേത്രങ്ങളിലെ പോലെ ദേവിയുടെ സ്വരൂപവിഗ്രഹമല്ല ഇവിടെ  ആരാധിക്കപ്പെടുന്നത് ; മറിച്ച് ദേവിയുടെ യോനി സങ്കല്‍പം ആണ് പ്രതിഷ്ഠ!

180329741

Goddess sculpture in the Kamakhya temple.

ക്ഷേത്രത്തിലെ ഈ സങ്കൽപ്പത്തിന് പിന്നിലെ കഥ ഇങ്ങനെ : ദക്ഷയാഗത്തിൽ തന്റെ ഭർത്താവായ പരമേശ്വരനെ ക്ഷണിക്കാതെ അപമാനിച്ചതിൽ മനം നൊന്ത് സതി ദേവി അഗ്നിയിൽ ചാടി ആത്മഹൂതി ചെയ്തു . ഇതറിഞ്ഞ ശിവൻ കോപിഷ്ടനായി സതിയുടെ ശവശരീരം തോളിലേറ്റി താണ്ഡവം നടത്തുകയും ശിവനെ നിയന്ത്രിക്കാനായി സതിയുടെ ശരീരം മഹാവിഷ്ണു സുദർശന ചക്രം പ്രയോഗിച്ചു 108 കഷ്ണങ്ങൾ ആക്കി. സതി ദേവിയുടെ ശരീരഭാഗങ്ങൾ വന്നു വീണ സ്ഥലങ്ങൾ “ശക്തിപീഠം” എന്ന് വിളിക്കപ്പെടുന്നു . അതിൽ ദേവിയുടെ ഗർഭാപത്രയും , ജനനേന്ദ്രിയവും വന്നു വീണ സ്ഥലത്താണ് ഇപ്പോഴത്തെ കാമാഖ്യാ ക്ഷേത്രം!
വർഷം തോറും ആഷാടമാസത്തിൽ (ജൂണ്‍) കാമാഖ്യാ ദേവി രജസ്വല ആകാറുണ്ടത്രെ! ഇതേ തുടർന്ന് നട മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു. കാമാഖ്യാ ക്ഷേത്രത്തിനു അടുത്തുള്ള ബ്രഹ്മപുത്രാ നദി ഈ സമയം ചുവന്ന് കാണപ്പെടുകയും, ആ പുണ്യ ജലം ദേവിഭക്തർക്ക്‌ പ്രസാദമായി നല്‍കപ്പെടുകയും ചെയ്യുന്നു. നദി ചുവക്കാന്‍ കാരണം അത്ഭുതം അല്ലെന്നും, മറിച്ച് പൂജാരിമാർ കലക്കി ഒഴിക്കുന്ന സിന്ദൂരം ആണെന്നതും പരസ്യമായ രഹസ്യം ആണെങ്കിലും, ആരും ചോദ്യം ചെയ്യാൻ പോകാറില്ല!

Secrets-Of-KDT

This picture is not of the main temple is Assam as probably photography is not allowed within the main temple. This is the Kamakhya Yoni worshipped at the Kamakhya Temple in Devipuram, Andhra Pradesh.

ചെങ്ങന്നൂരമ്മയും ത്രിപ്പൂത്തും

  ദക്ഷിണ കൈലാസം എന്ന് ഖ്യാതി കേട്ട ചെങ്ങന്നുർ ശിവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധം ആണ്. ചെങ്ങന്നുരമ്മ രജസ്വല ആകുമ്പോൾ ദേവിയുടെ ഉടയാടയിൽ ആർത്തവ രക്തം കാണുപ്പെടുന്നു എന്നാണു അവകാശവാദം! ഇതിനോട് അനുബന്ധിച്ച് ഒരു ‘കഥ’ നിലവിൽ ഉണ്ട്. ആ കഥ ഇങ്ങനെ : റാണി ലക്ഷ്മി ഭായിയുടെ ഭരണ കാലത്ത് (1810-14) തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ മേൽനോട്ടം ബ്രിട്ടീഷുകാരനായ കേണൽ മ്യുൻറോയ്ക്ക് ആയിരുന്നു. ക്ഷേത്ര കണക്കുകള്‍ പരിശോധിക്കുന്നതിനിടെ ദേവിയുടെ തൃപ്പൂത്തിനെ അദ്ദേഹം പരിഹസിക്കുകയും അധിക ചിലവായി കണ്ട് സഹായധനം നീക്കം ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക്‌ ആർത്തവ സംബന്ധികയായ പ്രശ്നങ്ങൾ ഉണ്ടാകുകയും, രക്തം നിലയ്ക്കാത്ത അവസ്ഥയും വരികയുമുണ്ടായി. അവസാനം തന്റെ ‘തെറ്റ്’ ബോധ്യപ്പെട്ട് ദേവിയോട് മാപ്പിരന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുഖപ്പെടുകയുണ്ടായി എന്നുമാണ് പ്രചരിക്കുന്നത്. അതിൽ പിന്നെ മ്യുൻറോയുടെ കുടുംബമാണ് ദേവിയുടെ തൃപ്പൂത്ത് ആറാട്ടിന്റെ ചെലവ് വഹിക്കുന്നതത്രെ!

 

img_2723

This is the Udayada (inner skirt) worn by the Goddess when she is believed to be menstruating

 വർഷത്തിൽ ഇഷ്ടാനുസരണം തൃപ്പൂത്ത് ആകുന്ന ദേവിയുടെ ‘ആർത്തവരക്തം’ പുരണ്ട തുണി ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കാൻ വർഷങ്ങളായി ബുക്ക്‌ ചെയ്ത് കാത്തുനില്‍ക്കുന്ന ഭക്തർ കുറച്ചൊന്നുമല്ല! ഈ തുണി വീട്ടിൽ വെച്ചാല്‍ ഐശ്വര്യം വന്നുചേരും എന്നാണ് വിശ്വാസം! ഒരു തരത്തിലും പരിശോധിക്കാൻ സാധിക്കാത്ത ഈ ‘അത്ഭുതം’ തട്ടിപ്പാണെന്ന് ആരോപിക്കാൻ ഞാൻ മുതിരുന്നില്ല – യുക്തിവാദത്തിനു രക്തസാക്ഷികളെ കൊണ്ട് വലിയ പ്രയോജനം ഇല്ലല്ലോ!

 

ഈ ക്ഷേത്രങ്ങളിൽ രജസ്വലകളായ ഭക്തമാർക്ക് പ്രവേശനം ഇല്ലെന്ന വിരോധാഭാസം അവിടെ നിൽക്കുമ്പോൾ തന്നെ, ‘ആ ദിവസങ്ങളിൽ’ ദേവിമാർക്ക് പോലും ഇവിടെ ഭ്രഷ്ട് ഉണ്ടെന്നത് എന്ത് വ്യജോക്തി ആണ്!
പൊട്ടി ഒലിക്കുമായിരുന്ന ആ രക്തത്തിൽ നിന്നുണ്ടായവരാണ് തങ്ങളെന്നു തിരിച്ചറിവില്ലാത്തവർ ഉണ്ടാക്കിയ മതമാണ്‌ അവളെയും അവളുടെ രക്തത്തെയും അശുദ്ധി ആയി മുദ്രകുത്തിയത് – ആർത്തവം അശുദ്ധി അല്ല, പെണ്മയുടെ അടയാളപ്പെടുത്തലുകൾ ആണ്!

 

അധിക വായനകള്‍ :