•വാക്‌സിൻ വിരുദ്ധ ഭീകരത!

ച്ച പരമ സാത്വികന്മാരായ”  നാച്ചുറോപ്പതിക്കാർ തങ്ങളുടെ സാത്വിക ഭാവം  വിട്ട് അതി രൂക്ഷമായി  പ്രതികരിക്കുന്ന ഒരു വിഷയം ആണ് പ്രതിരോധ കുത്തിവെപ്പ്! ഇവർ പ്രതിരോധ കുത്തിവെപ്പിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രം അല്ല, അവരുടെ ‘സിദ്ധാന്ത’പ്രകാരം സാംക്രമിക രോഗങ്ങൾക്ക് കാരണം രോഗാണുക്കൾ അല്ല. അതുകൊണ്ട് തന്നെ രോഗാണുക്കൾക്കെതിരെ പ്രതിരോധം ഉണ്ടാക്കേണ്ട ആവശ്യവുമില്ലത്രേ! ഇത്തരം പ്രകൃതിചികിത്സാ വാദികൾ സ്വയം വാക്സിനേഷൻ വേണ്ടെന്നു വെക്കുക മാത്രമല്ല, പൊതുജനങ്ങളെ “ബോധവൽക്കരണം” എന്ന പേരിൽ അതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. ഇവര്‍, ആരോഗ്യ വകുപ്പിന്‍റെ  ഇമ്മ്യൂണൈസഷൻ പോലുള്ള പദ്ധതികൾക്കെതിരെ പ്രതിഷേധ പ്രകടനം പോലുള്ള “നല്ല കാര്യങ്ങൾ” ചെയ്ത് പോരുന്നു. കൂട്ടിന്, ഒരു വിഭാഗം ഹോമിയോക്കാരും മറ്റ് മുറിവൈദ്യന്മാരും ഉണ്ട് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ!

വാക്‌സിൻ വിരുദ്ധത വരുത്തി വെച്ച വിന – ചരിത്രത്തിലൂടെ!

 “വാക്‌സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും” എന്ന ആരോഗ്യമന്ത്രിയുടെ ഒറ്റ പ്രസ്താവന മാത്രം മതിയാകും നിലവിൽ കേരളത്തിലുള്ള ഭീകരാവസ്ഥ മനസ്സിലാക്കാൻ! വടക്കൻ കേരളത്തിലെ കൂടി വരുന്ന ഡിഫ്ത്തീരിയ മരണങ്ങൾ ആരോഗ്യ രംഗത്തെ പിടിച്ചുലയ്ക്കുന്നു. ഈ ദുരവസ്ഥ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് മനസിലാക്കാൻ അല്പം ചരിത്രം ചികയേണ്ടി വരും.
വാക്‌സിൻ വിരുദ്ധ ഗൂഢാലോചനകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് DPT ( Diptheria, Pertussis, Tetanus) വാക്‌സിൻ വിവാദം. 1970കളുടെ മധ്യത്തിൽ ലണ്ടനിലെ 36 കുട്ടികൾക്ക് നാഡീരോഗങ്ങൾ കണ്ടപ്പോഴത് DPT വാക്‌സിനേഷന്‍റെ അനന്തരഫലമാണെന്ന് പ്രചരിക്കപ്പെട്ടു. മാതാപിതാക്കൾ സംഘടിച്ച് നിയമയുദ്ധതിന് പുറപ്പെടുകയും, ആ അലയടിയിൽ വൻ തോതിൽ വാക്‌സിൻ ബഹിഷ്കരണം നടക്കുകയും ചെയ്തു. ചില സർക്കാരുകൾ DPT വാക്‌സിൻ നിർത്തലാക്കി. തുടർന്ന്, വിവാദങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു, കുത്തിവെപ്പ് ‘ക്രൂരതയ്ക്ക്’ എതിരെ പുസ്തകങ്ങളും ഡോക്യൂമെന്‍റെറികളും ഇറങ്ങി. ഇംഗ്ലണ്ടിൽ സർക്കാരിന് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കേണ്ടി വരെ വന്നു. എന്നാൽ, രാജ്യത്തെ നാഡീരോഗമുള്ള ശിശുക്കളുടെ വിവരങ്ങൾ സമാഹരിച്ചു പഠിച്ചതിൽ നിന്നും DPT വാക്‌സിന്‍റെ ദുഷ്ഫലത്തെ കുറിച്ചുള്ള ആരോപണം
തള്ളപ്പെട്ടു!
Diphtheria_vaccination_poster
1860 കാലഘട്ടത്തിൽ അമേരിക്കയിൽ ഗോവസൂരി കുത്തിവെപ്പ് നിർബന്ധം ആക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടായി. അവിടുത്തെ ‘ആന്‍റി-വാക്‌സിനേഷൻ ലീഗ്’ ശക്തമായി തിരിച്ചടിച്ചു.നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ കുത്തിവെപ്പ് നയം പാസ്സാക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ നൂറ്റാണ്ടിന്റെ ഒടുവിലായി രാജ്യത്ത് പടർന്ന്പിടിച്ച വസൂരിബാധ ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. 1905ൽ പൊതുജനാരോഗ്യ നയത്തിന്‍റെ ഭാഗമായി ഗോവസൂരി വാക്‌സിൻ നിർബന്ധം ആക്കാൻ അമേരിക്കൻ സുപ്രീം കോടതി വിധിച്ചു!
വാക്‌സിനേഷനെതിരെ ഉള്ള പ്രചരണങ്ങൾ കാരണം 1970കളിൽ മൂന്ന് രാജ്യങ്ങളിൽ വില്ലൻ ചുമ വാക്‌സിൻ നിർത്തിവെക്കുക ഉണ്ടായി. 1974ൽ ഇംഗ്ലണ്ടിൽ രക്ഷിതാക്കൾ നിസ്സഹകരിച്ചപ്പോൾ വില്ലൻ ചുമ കുത്തിവെപ്പ് നിലച്ചു. അന്ന് രോഗബാധ നാമമാത്രം ആയിരുന്നു. 1978ൽ അവിടെ ഒരു ലക്ഷം വില്ലൻ ചുമ കേസുകളും അതിൽ 36 മരണങ്ങളും രേഖപ്പെടുത്തി. ഇതേ കാലഘട്ടത്തിൽ ജപ്പാനും ഈ വാക്‌സിൻ വേണ്ടെന്നു വെച്ചിരുന്നു. 1974ൽ വെറും 393 കേസുകൾ മാത്രം കണ്ടിടത് 1979ൽ 13,000 രോഗബാധിതരും 41 മരണങ്ങളും ഉണ്ടായി. സ്വീഡനിലെ അനുഭവം കുറെ കൂടി ഭീകരം ആയിരുന്നു. വാക്‌സിൻ നിർത്തിയ ശേഷം,1980 – 83 കാലത്ത് ഒരുലക്ഷം കുട്ടികളിൽ 3370 എന്ന തോതിൽ വില്ലൻ ചുമ പൊന്തി വന്നു! ഓസ്ട്രേലിയയിൽ വാക്‌സിൻ വിരുദ്ധർ 1990 കാലത്ത് വില്ലൻ ചുമ വാക്‌സിൻ പിൻവലിപ്പിച്ചു. അന്ന് രാജ്യത്ത് അപൂർവം ആയിരുന്ന രോഗം 1994ൽ 5000 കുട്ടികളിൽ ദൃശ്യമായി. പഴയ സോവിയറ്റ് യൂണിയനിൽ 1989ൽ ഡിഫ്ത്തീരിയ വാക്‌സിൻ പാർശ്വഫലങ്ങളുടെ പേരിൽ വേണ്ടന്ന് വെച്ചു, എന്നാൽ അക്കാലത്ത് തന്നെ 839 കേസുകളിൽ ഒതുങ്ങിയിരുന്ന രോഗം 1994ൽ 50,000 ആയി ഉയർന്നു. 1700 മരണങ്ങൾക്കും കാരണമായി. ( ഈ സംഭവങ്ങളിൽ എല്ലാം തന്നെ പിൻവലിച്ച വാക്‌സിൻ വീണ്ടും നടപ്പാക്കാൻ തീരുമാണിക്കപ്പെട്ടുവെന്ന് പ്രിത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ)
നമ്മുടെ സംസ്ഥാനത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്നത്തിനു കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് തോന്നുന്നു. കുട്ടികൾക്കും അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും വരെ അസുഖം പിടിപെടുന്നു. ബൂസ്റ്റർ ഡോസ് എടുക്കാൻ ഡോക്ടർമാർ നെട്ടോട്ടം ഓടുന്ന ദുരവസ്ഥ വരെ വന്നെത്തി കാര്യങ്ങൾ!

 

അരീം തിന്ന്, ആശാരിച്ചിയേം കടിച്ച് പിന്നേം…

“ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണം” എന്ന വികലന്യായം പൊക്കിപ്പിടിച്ച് മത സംഘടനകളെ കൂട്ടുപിടിച്ച് കേരളത്തിലൊട്ടാകെ വടക്കാഞ്ചേരിമാർ പ്രചരിപ്പിച്ച വാക്‌സിൻ വിരുദ്ധതയുടെ അനന്തരഫലം നമ്മൾ അനുഭവിക്കുമ്പോഴും ചോരക്കൊതിയന്മാർ വീണ്ടും അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നത് എത്ര വിചിത്രമാണ്! “വാക്‌സിൻ കുത്തകകൾക്ക് വേണ്ടി കുട്ടികളെ ഡോക്ടർമാർ കൊന്നതാണെ”ന്ന് വരെ ഒരൽപ്പം പോലും മനസാക്ഷിക്കുത്തില്ലാതെ ഇവർ ലഘുലേഖ ഇറക്കുന്നു! സ്വയം വൈദ്യരായി അവരോധിച്ച “ഡോക്ക്ച്ചർമാരുടെ” സഥാപിത താല്പര്യങ്ങൾക്ക് പിന്നിലെ കള്ളക്കളികൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ ഇടപെടേണ്ടതുണ്ട്. ഇവരുടെ സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിച്ചേ മതിയാകൂ.
ഇമ്മ്യൂണൈസേഷനെ നിരാകാരിക്കുന്നതിന്റെ ഭാഗമായി വാക്‌സിനുകൾക്ക് യാതൊരു ഫലവും ഇല്ലെന്ന് വരെ പ്രകൃതിചികിത്സയുടെ വക്താക്കൾ തട്ടി വിടാറുണ്ട്. വാക്‌സിനുകൾ വഴി ഇന്നോളം ഒരൊറ്റ രോഗത്തെയും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ലെന്നും അവയുടെ ഗുണഫലമെന്നത് ആസൂത്രിത കെട്ടുകഥയാണെന്നും ഒരു പ്രമുഖ പ്രകൃതിചികിത്സാ ആചാര്യൻ (ഇപ്പോൾ ജീവിച്ചിരിപ്പില്ല) അടിച്ച് വിട്ടിരുന്നു! ഏതു വാക്‌സിൻ എടുത്താലും അത് നൽകപ്പെട്ട എല്ലാ രാജ്യത്തും അതത് രോഗങ്ങൾ നിയന്ത്രിക്കപ്പെട്ടത്തിന്റെ തെളിവുകൾ ഉണ്ട്. കണക്കുകൾ എല്ലാം കെട്ടി ചമച്ചവയാണെന്ന വാദം “ഒരു മുഴം” നീട്ടിയെറിയുന്നവരോട് സഹതാപമേ ഉള്ളു. എന്നിരുന്നാലും അമേരിക്കയിലെ കണക്കുകൾ ഒരു പട്ടികയായി നൽകുന്നു.
അതത് വാക്‌സിൻ വരുന്നതിനു തൊട്ടുമുമ്പുള്ള പകർച്ചവ്യാധി നിരക്കും 1998ലെ നിരക്കും താരതമ്യപ്പെടുത്തുകയാണിവിടെ :
vacc

വാക്‌സിൻ സുരക്ഷിതമോ?

ഓരോ ഇനം വാക്‌സിനുകൾ വികസിപ്പിക്കുമ്പോഴും അതിന്‍റെ ഉള്ളടക്കത്തോട് ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യം മൃഗങ്ങളിൽ പരീക്ഷിക്കപ്പെടുന്നു. തുടർന്ന് എത്തിക്സ് കമ്മിറ്റികളുടെ സാങ്കേതികവും നൈതികവുമായ പരിശോധനക്ക് ശേഷമേ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. മനുഷ്യരിൽ, ഉത്തരവാദപ്പെട്ട വൈദ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ, മൂന്നു ഘട്ടങ്ങളിലായി പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. തൽസംബന്ധിയായ ഡാറ്റ ഔഷധ നിയന്ത്രണ അധികാരികൾക്ക് ( Drugs Control Unit) സമർപ്പിച്ചാലെ വിപണനാംഗീകാരം  ലഭിക്കുകയുള്ളു. ഇനി, അതിനു ശേഷം എപ്പോഴെങ്കിലും രോഗികളിൽ ദുഷ്ഫലം കണ്ടാൽ മരുന്ന്  ഉടൻ പിൻവലിക്കപ്പെടും.
വാക്‌സിനുകൾ 100% സുരക്ഷ നൽകും എന്ന് ആർക്കും വാദമില്ല, സാംക്രമിക രോഗ നിവാരണത്തിന് അവസാന വാക്കാണ് എന്നും പറയുന്നില്ല. എന്നാൽ, അവയെ മൊത്തം എതിർക്കാനോ നിരോധിക്കാനോ ഇതൊരു കാരണം ആകുന്നില്ല. പകർച്ചവ്യാധികളുടെ ഭീഷണികളുമായി തട്ടിച്ച് നോക്കി വേണം വാക്‌സിന്റെ സുരക്ഷിതത്വപ്രശ്നങ്ങളെ വിലയിരുത്തുവാൻ.
ദ്യകാലത്ത് ദേശീയ ഇമ്മ്യൂണൈസേഷൻ പദ്ധതി നടപ്പിലാക്കുന്നതിൽ മുന്നിട്ട് നിന്ന സംസ്ഥാനം ആണ് കേരളം. എന്നാൽ വാക്‌സിൻ വിരുദ്ധരുടെ കുപ്രചരണങ്ങൾ മൂലം സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട ഡിഫ്ത്തീരിയ മടങ്ങി വന്നിരിക്കുന്നു. വാക്‌സിനുകൾക്ക് എതിരായ കുപ്രചാരണങ്ങൾ എതിർത്ത് തോൽപ്പിക്കാൻ ആയില്ലെങ്കിൽ വരും തലമുറയോട് നമ്മൾ ചെയ്യുന്ന വലിയ ക്രൂരതയാകും അത്!
Take Vaccine, Stay Protected!

അധിക വായന