•പ്രകൃതിചികിത്സാ മാഫിയ !!

കാലാകാലങ്ങളായി ഭൂമുഖത്ത് പിറവി കൊണ്ട കപടചികിത്സകളില്‍ “എവെര്‍ഗ്രീന്‍” ആയ തട്ടിപ്പ് വ്യവസായം  ആണ് “പ്രകൃതിചികിത്സ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നാച്ചുറോപ്പതി (Naturopathy). ഈ ചികിത്സാ രീതിയില്‍ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചും രോഗനിദാനത്തെക്കുറിച്ചുമുള്ള അടിസ്ഥാന ദര്‍ശനങ്ങള്‍ “പ്രകൃതിതത്വങ്ങളില്‍” ഊന്നി ഉള്ളതാണെന്ന് അതിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നു .പ്രകൃതിയോട് സമരസപ്പെടുകയെന്ന കപട സമീപനം കൊണ്ടും “സാത്വികമായ രീതികള്‍”(!) കൊണ്ടും ഒക്കെ ഈ തട്ടിപ്പിന് പ്രുത്യേകമായ ഒരു അസ്ഥിത്വം ലഭിക്കുന്നുണ്ട്.

പ്രകൃതിചികിത്സയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വിവരണം ഒരു യക്ഷിക്കഥയുടെ തിരക്കഥയ്ക്ക് സമാനമാണ്. ശാസ്ത്രം ചവിറ്റു കുട്ടയിലിട്ട പകല്‍സ്വപ്നങ്ങളുടെ അയ്യരുകളിയാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാന തത്വങ്ങള്‍. പ്രപഞ്ചസൃഷ്ടി നടത്തിയിരിക്കുന്ന പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് മനുഷ്യശരീരവും നിര്‍മ്മിക്കപ്പെട്ടെതെന്നും, മനുഷ്യജീവന് നിദാനം പ്രാണശക്തി (Vital Force) ആണെന്നും ഈ  കൂട്ടര്‍ വിശ്വസിക്കുന്നു.രോഗാണു സിദ്ധാന്തം എതിര്‍ക്കുന്ന ഇവര്‍, പ്രകൃതിതത്വങ്ങളുടെ (!) ലംഘനം ആണ് രോഗങ്ങള്‍ വരുത്തുന്നത് എന്ന് പ്രചരിപ്പിക്കുന്നു. ഇനി രോഗമുക്തി നേടണമെങ്കിലോ, ശരീരത്തിലുള്ള “മാലിന്യങ്ങള്‍” പുറംതള്ളണമത്രേ!

ചുരുക്കി പറഞ്ഞാല്‍,നാച്ചുറോപ്പതി രോഗശമനത്തിനായി മൂന്നു കാര്യങ്ങളില്‍ ആണ് ഊന്നല്‍ നല്‍കുന്നത് :

 

  • പ്രാണശക്തിയെ സംരക്ഷിച്ചു നിര്‍ത്തുക.
  • ശരീരത്തിലെ മാലിന്യങ്ങള്‍ അടിയുന്നത് കുറയ്കക്കുക.
  • ഉള്ള മാലിന്യങ്ങള്‍ ഫലപ്രദമായി പുറംതള്ളുക.

5f31f3a0-5c47-48e7-a4e1-769eb0b2e0a7

 

ഡാക്കിട്ടറുമാര്‍ അഥവാ പാഷാണത്തിലെ കൃമികള്‍

സമാന്തരചികിത്സ രംഗത്തെ മുറിവൈദ്യന്മാരുടെ വേരോട്ടം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലുടനീളം തകൃതിയായി പ്രകൃതിചികിത്സ നടത്തുന്ന എഴുപതില്‍പ്പരം സ്വകാര്യകേന്ദ്രങ്ങള്‍ ഉണ്ട്. ഇവക്കൊന്നിനും കേന്ദ്രകൌണ്‍സിലോ (CCRYN) സംസ്ഥാന സര്‍ക്കാരോ രോഗികളെ ചികിത്സിക്കാന്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇവിടങ്ങളില്‍ ഡോക്ടര്‍മാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ചികിത്സ നടത്തുന്ന ഡിപ്ലോമാക്കാര്‍ CCRYN നിര്‍വചനപ്രകാരം വ്യാജന്മാര്‍ ആണ്. അതായത്, കപടവൈദ്യമായ നാച്ചുറോപ്പതിയിലെ വ്യാജന്മാര്‍! വ്യാജ ‘ഡാക്കിട്ടറു’മാര്‍ക്കിടയില്‍ തലയെടുപ്പ് “ND” പട്ടം നേടിയവര്‍ക്കാണ്. പത്താം ക്ലാസ്സ്‌ അടിസ്ഥാന യോഗ്യതയില്‍  ഒരു വര്‍ഷത്തെ പരിശീലനത്തിന്‍റെ ബലത്തില്‍ ലഭിക്കുന്ന ഡിപ്ലോമയാണിത്‌. പത്താം ക്ലാസ്സുകാര്‍ക്ക് എളുപ്പത്തില്‍ പ്രകൃതിചികിത്സകന്‍ ചമയാന്‍ നല്ലത് നാച്ചുറോപ്പതി ആന്‍ഡ് യോഗ തെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ് (CNYT) നേടല്‍ ആണ് -വെറും ആറു മാസത്തെ സമയം മതി! പ്ലസ്‌ ടു പൂര്‍ത്തിയാക്കാന്‍ മാത്രം ബുദ്ധി വൈഭവവും ഒരു വര്ഷം സമയവും  ഉണ്ടെങ്കില്‍ ഇതേ വിഷയത്തില്‍ ഡിപ്ലോമ (DNYT) കിട്ടും. ഇനി ഇതുക്കും മേലെ വേണമെങ്കില്‍ PGDNYT, DNYS, BYNS എന്നിവ യഥേഷ്ടം കിടപ്പുണ്ട്.എന്നാല്‍  ഇതൊന്നും ചികിത്സ നടത്താന്‍ വേണ്ട യോഗ്യത ഉള്ള ബിരുദങ്ങള്‍ അല്ലതാനും!

ചികിത്സ മാറി ചെയിന്‍ ബിസിനസ്‌ ആയി പിടിമുറുക്കുമോള്‍.

 

ഏതു പത്താം ക്ലാസ്സുകാരനും “ഡോക്ടര്‍” ആകാമെന്ന് വന്നതോടെ കേരളത്തില്‍ പ്രകൃതിചികിത്സ ഒരു കുടില്‍വ്യവസായമായി മാറി എന്ന് പറയുന്നതാവും ശരി.കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ആണ് ഈ പ്രവണത പടിപടിയായി ഉയര്‍ന്നു വന്നത്. “പ്രകൃതി” എന്ന പദത്തോട് സാധാരണക്കാര്‍ക്കുള്ള മമതയും  ചികിത്സാ സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും നാച്ചുറോപാത്തുകള്‍ ചൂഷണം ചെയ്യുമ്പോള്‍, ‘ആയുഷ്’ ഡിപാര്‍ട്ട്മെന്റിന്‍റെ കീഴില്‍ CCRYN നാച്ചുറോപ്പതിയുടെ “ശാസ്ത്രീയത” കണ്ടത്താന്‍ ഉള്ള ശ്രമങ്ങളും ആരംഭിച്ചതോടെ ഈ തട്ടിപ്പ് തഴച്ചു വളര്‍ന്നു വന്നു.

ആദ്യഘട്ടത്തില്‍ തന്നെ പ്രകൃതിചികിത്സാ പ്രചാരണങ്ങള്‍ക്ക് ആരംഭിച്ച കേന്ദ്രങ്ങളൊക്കെ തന്നെ രോഗികളെ ചികിത്സിക്കുന്ന ‘ആശുപത്രികള്‍” ആയി രൂപാന്തരപ്പെട്ടു! ജേക്കബ്‌ വടക്കുംചേരിയെ പോലെ ഉള്ള “ഡാക്കിട്ടറു”മാര്‍ അവസരം മുതലാക്കി പ്രകൃതിജീവനത്തിന്‍റെ വന്‍ ശൃംഖലകള്‍ തന്നെ സ്ഥാപിച്ചു. നാച്ചുറോപ്പതിയുടെ പ്രചാരണം, പരിശീലനം,ചികിത്സാ ക്യാമ്പ്‌ സംഘടിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രസ്റ്റുകള്‍ രൂപീകരിക്കുക ആയിരുന്നു പിന്നത്തെ പ്രവണത.സൊസൈറ്റി ആക്റ്റ് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്യുകയും അതിന്‍റെ ബലത്തില്‍ ചികിത്സക്കും ചികിത്സക പരിശീലനത്തിനും നിയമാംഗീകാരം ഉണ്ടെന്നു വരുത്തി തീര്‍ക്കുകയുമായിരുന്നു തന്ത്രം.ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരൊക്കെ ചേര്‍ന്ന് അഖില കേരളാടിസ്ഥാനത്തില്‍ ഒരു ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു.

കുത്തക മുതലാളിത്തെ നിലംപരിശാക്കാന്‍ അവതാരപ്പിറവിയെടുത്ത ജേക്കബ്‌ വടക്കുംചേരിയുടെ കള്ളക്കളികള്‍ ഇയ്യിടെ നാരദ ന്യൂസ്‌ പുറത്ത് കൊണ്ടുവന്നിരുന്നു ( ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം ).

ആധുനിക വൈദ്യം ജനങ്ങളുടെ പോക്കറ്റ്‌ കീറുന്നു എന്ന് ഇടയ്ക്കിടെ അലമുറയിടുന്ന പ്രകൃതിജീവനക്കാര്‍ സംഘടിപ്പിക്കുന്ന ഒരു ആഴ്ചത്തെ യോഗ ക്യാമ്പിന്‍റെ ( 8 Days Nature Cure Self-Healing Yoga Retreat in Bali ) പ്രവേശന ഫീസ്‌ ലക്ഷങ്ങള്‍ ആണ്!

 നാച്ചുറോപ്പതി ഫലിക്കുമോ?

 

പൊങ്കാലയും തിങ്കളാഴ്ച വൃതവും ഒക്കെ ഫലിക്കുമെങ്കില്‍ നാച്ചുറോപ്പതിക്കും “ഫലസിദ്ധി” ഉണ്ടാകണം! ഇനി അത് ഫലിക്കുന്നതായി പലര്‍ക്കും അനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന് ചോദ്യം പുനക്രമീകരിച്ചാല്‍ അതിനു വ്യക്തമായ മറുപടി ഉണ്ട് താനും ( വായിക്കുക : എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?)

ക്യാന്‍സര്‍ ഉള്‍പ്പടെ ഏത് മാരക രോഗങ്ങളും സരളമായി മാറ്റാന്‍ കഴിയും എന്ന അവകാശവാദത്തോടെ ആളെക്കൂട്ടാന്‍ പ്രകൃതിജീവനക്കാര്‍ ആദ്യം മുതലേ വിവിധ ക്യാമ്പുകള്‍ നടത്തി പോന്നിരുന്നു. ചികിത്സാ ബിസിനസ് നടക്കണമെങ്കില്‍ രോഗികള്‍ വേണമല്ലോ! പ്രഭാഷണങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും പ്രസിദ്ധിയാര്‍ജ്ജിച്ച ഈ കൈവിട്ട കളി കാര്യം ആകുന്നത് പ്രകൃതിജീവന മാഫിയയുടെ ഇരയായ ഒരു രോഗി പരാതി കൊടുത്തപ്പോഴാണ്‌. കാലിക്കറ്റ് യുണിവേഴ്സിറ്റിയിലെ ഒരു സൈക്കൊളജി പ്രോഫസ്സര്‍ സ്വന്തം നിലയില്‍ നടത്തി പോന്ന പ്രകൃതിചികിത്സാ കേന്ദ്രത്തിലേക്ക് ക്യാമ്പസ്സിലെ സ്തനാര്‍ബുദം ബാധിച്ച ഒരു വിദ്യാര്‍ത്ഥിനിയെ ക്യാന്‍വാസ് ചെയ്തു കൊണ്ടുവന്ന് ചികിത്സിക്കുകയായിരുന്നു (“അല്ലോപ്പതി”യെ പേടിച്ച നിര്‍മ്മല ആദ്യം പരീക്ഷിച്ചത്  ഹോമിയോചികിത്സയെ ആയിരുന്നു ). അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും നെഞ്ചില്‍ നീര് വന്നതോടെ പ്രോഫെസ്സറെ സമീപിക്കുകയായിരുന്നു. പഴങ്ങള്‍ മാത്രം കഴിച്ചുള്ള ഉപവാസത്തിലൂടെ (ഫ്രൂട്ടെറിയന്‍ തെറാപ്പി) രോഗം മാറ്റാമോ എന്ന് പരീക്ഷിച്ച് അവര്‍  ഗുരുതരാവസ്ഥയിലെത്തി.മരണവുമായി മല്ലടിക്കവേ പാലിയേറ്റീവ് കെയറിലേക്ക് തള്ളിയ രോഗിക്ക് ആധുനിക ചികിത്സ വഴി അല്പകാല ജീവിതം നീട്ടി കിട്ടുകയും, അവര്‍ പ്രോഫെസ്സറിനെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്തു. ഇതുപോലെ പ്രകൃതിജീവനം കവര്‍ന്ന ജീവിതങ്ങള്‍ അനേകമുണ്ട്.

ദൂരദര്‍ശന്‍ പരിപാടിയില്‍ വടക്കുംചേരി തുറന്നു കാട്ടപ്പെടുന്നു youtube play

 പ്രകൃതിഭോജനം!

 

‘പ്രകൃതിദത്ത’മെന്ന് നാച്ചുറോപ്പതി ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്ന ഭക്ഷണ രീതിയുടെ കച്ചവടവല്‍ക്കരണമാണ് “പ്രകൃതിഭോജനം”. ‘പ്രകൃതി ഭക്ഷണം’ വിളമ്പുന്ന ഭോജനശാലകള്‍ പ്രമുഖ നഗരങ്ങളില്‍ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പ്രകൃതിദത്ത’മെന്ന് കേട്ടാല്‍ ഉടനെ ആരോഗ്യകരമായത് എന്ന് തെറ്റിദ്ധരിക്കുന്ന പൊതുജനങ്ങള്‍ക്കിടയില്‍ ഈ ഭക്ഷണ തട്ടിപ്പിന് നല്ല പ്രചാരവും ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടുള്ള പ്രേമത്തേക്കാളുപരി ‘ഷുഗറും’ ‘കൊളസ്ട്രോളും’ കാരണം ഭക്ഷണം നിയന്ത്രിക്കേണ്ടി വന്ന ദയനീയാവസ്ഥയാണ് പലരെയും ഇതിലേക്ക് അടുപ്പിക്കുന്നത്. ‘പ്രകൃതിഭോജനം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഈ ഭക്ഷണ രീതി വാസ്തവത്തില്‍ തീര്‍ത്തും ഗുണകരമല്ല. പച്ചക്കറികള്‍ (ചിലതോഴികെ) പാകം ചെയ്യാതെ കഴിക്കുന്നത് മനുഷ്യന്  ഒട്ടും ആരോഗ്യകരമല്ല. പലതും ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ദഹനസംവിധാനത്തിന് ഇല്ല. സുപ്രധാനമായ പ്രകൃതി ഐറ്റങ്ങള്‍ ആയ “ക്യാരറ്റും പാവക്കയും” മിതമായ അളവില്‍ കൂടുതല്‍ അകത്തു ചെന്നാല്‍ കിഡ്നി വരെ തകരാറില്‍ ആയേക്കാം! പ്രകൃതി മാര്‍ഗ്ഗത്തില്‍ നിഷിദ്ധമായ കാപ്പിയും ചായയും ഒഴിവാക്കി ഇവരുടെ ഉല്‍പ്പന്നം ആയ  “ജാപ്പി” വാങ്ങി കുടിച്ചാല്‍ നിങ്ങള്‍ പ്രകൃതിയുടെ വഴിയിലാകുമത്രേ!

ജനങ്ങളുടെ പ്രകൃതിയാഭിമുഖ്യവിഭ്രമം  (Naturalistic Fallacy) മുതലെടുത്ത്‌ യുക്തിക്ക് നിരക്കാത്ത ഭക്ഷണ രീതികളും ക്രമങ്ങളും പ്രചരിപ്പിക്കുകയാണ് പ്രകൃതിജീവന ആചാര്യന്മാര്‍. ഇതിനൊപ്പം ആരോഗ്യ രംഗത്തെ അട്ടിമറിക്കും വിധം വാക്സിന്‍ വിരുദ്ധതയും മുറയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട് ( വായിക്കുക : വാക്സിന്‍ വിരുദ്ധ ഭീകരത ). ഇവരുടെ (കു)യുക്തി വെച്ച് നോക്കിയാല്‍ പ്രകൃതിയോടിണങ്ങി ഉപവാസം (പട്ടിണി) എടുത്ത് ജീവിക്കുന്ന ടാന്‍സാനിയിലെയും സോമാലിയയിലെയും ജനങ്ങള്‍ ആകണം ഏറ്റവും ആരോഗ്യവാന്മാര്‍! ഉപരിവര്‍ഗ്ഗത്തിന്‍റെ ഒരു തരം “എല്ലിനിടയിലെ കുത്തല്‍” ആണ് ഈ പ്രകൃതിജീവനം. യോഗാഭ്യാസവും മണ്ണ് ചികിത്സയും ഒക്കെ നടത്തി ശിഷ്ടകാലം കഴിക്കുന്ന ഇക്കൂട്ടരുടെ അപശ്രുതിക്ക് താളം പിടിക്കുന്ന സാധാരണക്കാരുടെ ജീവിതം അധികം വൈകാതെ കട്ടപ്പുറത്ത് കയറും എന്നതില്‍ സംശയം വേണ്ട !

അവലംബങ്ങള്‍ / അധികവായനകള്‍